ആശിര്‍വാദിന്റെ ‘100% ആട്ട’ അവകാശവാദം; ലൈസന്‍സ് റദ്ദാക്കുന്നതില്‍ നിന്ന് FSSAIയെ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

News Desk
1 Min Read

ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഐടിസിയ്ക്ക് ആശ്വാസമായി ഡല്‍ഹി ഹൈക്കോടതി വിധി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കമ്പനിയുടെ ലൈസന്‍സ് തല്‍ക്കാലം റദ്ദാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയുടെ അധികാരപരിധി സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം വരാനുണ്ടെന്നും, കോടതികള്‍ അടഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത വാദം വരെയെങ്കിലും ഐടിസിയ്ക്ക് സാവകാശം നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു.

ആശിര്‍വാദ് ആട്ടയുടെ പാക്കേജിങിലും പരസ്യങ്ങളിലും ഉപയോഗിച്ച ‘100% ആട്ട, 100% മധ്യപ്രദേശിലെ ഗോതമ്പ്, 0% മൈദ എന്നീ അവകാശവാദങ്ങളാണ് വിവാദത്തിന് കാരണമായത്. ഈ പരാമര്‍ശങ്ങള്‍ നീക്കാന്‍ എഫ്എസ്എസ്എഐ ഐടിസിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഐടിസി അതിനെ ചോദ്യം ചെയ്തു. 30 ദിവസത്തെ മറുപടി സമയപരിധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നടപടി സ്വീകരിച്ചുവെന്നാണ് കമ്പനിയുടെ വാദം.

2025 മെയ് മാസത്തില്‍ പുറത്തിറക്കിയ നിര്‍ദേശപ്രകാരം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ലേബലിങിലും പരസ്യങ്ങളിലും ‘100% ഗോതമ്പ്’ എന്ന അവകാശവാദം ഒഴിവാക്കണമെന്ന് എഫ്എസ്എസ്എഐ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 10ന് ഐടിസിയ്ക്ക് നോട്ടീസ് നല്‍കി വിശദീകരണം തേടുകയും, പിന്നീട് കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ലൈസന്‍സിങ് അതോറിറ്റി ‘ഇംപ്രൂവ്മെന്റ് നോട്ടീസ്’ പുറപ്പെടുവിക്കുകയും ചെയ്തു.

കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ പരിഗണിക്കുന്നതിനെ എഫ്എസ്എസ്എഐ ചോദ്യം ചെയ്തു. ഏറ്റവും പുതിയ നോട്ടീസ് കൊല്‍ക്കത്തയില്‍ നിന്നാണെന്നും അതിനാല്‍ കേസ് അവിടെ പരിഗണിക്കേണ്ടതാണെന്നും കമ്പനി വാദിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!