നേപ്പാളിൽ 157 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത

News Desk
1 Min Read

കാഠ്മണ്ഡു: നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപാച്ചിലിലും ഒരു കുട്ടി ഉൾപ്പെടെ കുറഞ്ഞത് 157 പേർ മരിച്ചു. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തിൽ 750ൽ അധികം ആളുകളെ കാണാതായതാണ് വിവരം. കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്‌ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നുവെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇതുവരെ 157 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൂടുതൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു. കാണാതായ വിദേശികളിൽ 142 ഇന്ത്യക്കാരും, കൂടാതെ ഓസ്‌ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നുണ്ടെന്ന് ടൂറിസം ബോർഡ് അറിയിച്ചു

ചെളിയിലും അവശിഷ്ടങ്ങൾക്കിടയിലും പെട്ടുപോയവരെ കണ്ടെത്താനായി രക്ഷാപ്രവർത്തകർ രാത്രി വൈകിയും തിരച്ചിൽ നടത്തി. ദുരന്തബാധിത പ്രദേശങ്ങളിൽ മുഴുവൻ സർക്കാർ സംവിധാനങ്ങളും വിന്യസിച്ചതായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു. ടിബറ്റ് ഭാഗത്തുനിന്നും ഉത്ഭവിച്ച് ഒഴുകുന്ന ഭോട്ടെ കോശി നദിയിൽ ഇന്നലെ രാവിലെ 9 മണിയോടെയാണ് അപ്രതീക്ഷിതമായി വൻ ജലപ്രവാഹമുണ്ടായത്. ടിബറ്റുമായി അതിർത്തി പങ്കിടുന്ന രസുവ, ധാഡിങ്, നുവാകോട്ട് എന്നീ ജില്ലകളെ ആണ് ദുരന്തം ഏറ്റവും മാരകമായി ബാധിച്ചത്. പല ഉൾനാടൻ ഗ്രാമങ്ങളും പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട നിലയിലാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!