ചെന്നൈ: പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി. തിരുത്തണി മാനവൂർ സ്വദേശിയായ പത്മാവതി (72) ആണ് കൊല്ലപ്പെട്ടത്. മകൻ പാർഥസാരഥിയെ (43) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
മാനവൂർ റെയിൽവേസ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പക്ഷാഘാതം പിടിപെട്ട് ഏറെക്കാലമായി കിടപ്പിലായിരുന്ന പത്മാവതി പൂർണമായും മറ്റുള്ളവരുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പാർഥസാരഥി ഭാര്യയോടൊപ്പമാണ് അമ്മയെ പരിചരിച്ചിരുന്നത്. എന്നാൽ, അമ്മയുമായി തുടർച്ചയായുണ്ടായ തർക്കങ്ങളെത്തുടർന്ന് ഭാര്യ മക്കളെയും കൂട്ടി സ്വന്തംവീട്ടിലേക്കു മടങ്ങി. ഭാര്യ പിണങ്ങിപ്പോയതോടെ മാനസികമായി തകർന്ന പാർഥസാരഥിക്ക് ജോലിക്കു പോകാൻ സാധിക്കാതെ വരുകയും തുടർന്ന് അമ്മയെ ഒഴിവാക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച രാത്രി അമ്മയെ ചക്രക്കസേരയിലിരുത്തി മാനവൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച പാർഥസാരഥി, അരക്കോണം ഭാഗത്തുനിന്ന് ചെന്നൈയിലേക്ക് വരുകയായിരുന്ന തീവണ്ടിക്ക് മുന്നിലേക്ക് ചക്രക്കസേരയോടെ തള്ളിയിടുകയായിരുന്നു. ആദ്യഘട്ടത്തിൽ സാധാരണ ട്രെയിൻ അപകടമാണെന്നു കരുതിയ സംഭവത്തിൽ, റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ക്രൂരമായ കൊലപാതകമാണെന്നു വ്യക്തമായത്. തുടർന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
