ട്രംപിന്റെ വിശ്വസ്ഥ കരോലിൻ ലിവിറ്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം ഒഴിയുന്നു

News Desk
1 Min Read

വാഷിങ്ടൺ: കരോലിൻ ലിവിറ്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം ഒഴിയുന്നു. ഈ മാസം അവസാനം കരോലിൻ സ്ഥാനമൊഴിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ട്രംപിന്റെ ഏറ്റവും വിശ്വസ്ഥരായ വക്താക്കളിൽ ഒരാളായിരുന്നു ഈ 28കാരി. പ്രസവാവധിക്ക് ശേഷം അടുത്തിടെയാണ് കരോലിൻ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയത്. അമേരിക്കൻ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കരോലിൻ.

കഴിഞ്ഞ വർഷമാണ് കരോലിൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ജോലി ഏറ്റെടുത്തത്. മെയിൽ കരോലിൻ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു. മക്കളോടൊപ്പം സമയം ചെലവഴിക്കാനാണ് ജോലി വിടാൻ തീരുമാനിക്കുന്നതെന്നാണ് കരോലിന്റെ പ്രതികരണം. കാലാവധി പൂർത്തിയാക്കാതെയാണ് മടക്കം. ഈ ഒഴിവിലേക്ക് ആരെയാണ് നിയമിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കൻ പ്രസിഡന്റായി ഡോണാൾഡ് ട്രംപിന്റെ ആദ്യ ടേമിൽ കരോലിൻ വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായിരുന്നു. തുടർന്ന് ന്യൂയോർക്ക് റിപ്പബ്ലിക്കൻ കോൺഗ്രസ് വുമൻ എലിസ് സ്റ്റെഫാനിക്കിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി. 2022ൽ ന്യൂ ഹാംഷെയറിലെ കോൺഗ്രസ് സീറ്റിലേക്ക് റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ചിരുന്നു. എന്നാൽ പൊതുതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായ ക്രിസ് പാപ്പാസിനോട് പരാജയപ്പെട്ടു.

ട്രംപ് അനുകൂല ഫണ്ട് ശേഖരണ ഗ്രൂപ്പായ ‘മാഗ ഇങ്ക്’ എന്ന സംഘടനയുടെ വക്താവായിരുന്നു. 2024ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഡോണൾഡ് ട്രംപിന്റെ കാമ്പെയ്‌ന്റെ ദേശീയ പ്രസ് സെക്രട്ടറിയായിരുന്നു. 2025 ജനുവരിയിൽ ട്രംപിന്റെ രണ്ടാം ഭരണകാലത്താണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റത്.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article