‘സൈ‍ഡ് കൊടുക്കാത്തതിൽ തർക്കം; പിന്നാലെ ബൈക്കിൽ ഇടിച്ചു’: തൃശൂരിൽ യുവാവ് മരിച്ച സംഭവം കൊലപാതകമോ?

News Desk
1 Min Read

തൃശൂർ: ദേശീയപാത 544ൽ പുതുക്കാട് സിഗ്‌നലിനുസമീപമുണ്ടായ ബൈക്ക് അപകടത്തിൽ പട്ടാമ്പി തിരുമിറ്റക്കോട് മേലേതിൽ റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഞായറാഴ്ച വൈകിട്ടു നടന്ന അപകടത്തിൽ, ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ, പിന്നാലെ വന്ന മിനിലോറി മനഃപൂർവം ഇടിക്കുകയായിരുന്നുവെന്ന്, മുന്നിൽ പോയിരുന്ന കാറിന്റെ റിയർ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വ്യക്തമാക്കുന്നതായി റിജാസിന്റെ പിതാവ് മാനു പറഞ്ഞു.

അപകടത്തിനു 15 മിനിറ്റ് മുൻപ് ഇതേ ലോറി ഡ്രൈവറും റിജാസുമായി സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായിരുന്നെന്ന് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുഹൃത്ത് പറഞ്ഞെന്നും മാനു ചൂണ്ടിക്കാട്ടി. നിസ്സാര വാക്കുതർക്കത്തിന്റെ പേരിൽ മകനെ കൊലപ്പെടുത്തുകയെന്ന ഗുരുതര കുറ്റമാണ് നടന്നിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി റൂറൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതുക്കാട് സെന്ററിൽ എത്തുന്നതിനു തൊട്ടുമുൻപ് വേഗം വളരെ കുറച്ച് പോയിരുന്ന മിനിലോറി, റിജാസിന്റെ ബൈക്ക് കടന്നുപോയതോടെ അമിതവേഗത്തിലെത്തി ബൈക്കിനു പിന്നിൽ ഇടിച്ചുകയറ്റുന്നതുപോലെയാണ് ക്യാമറദൃശ്യത്തിൽ കാണുന്നതെന്നും മാനു പറഞ്ഞു. വിശദമായി അന്വേഷിക്കുമെന്ന് പുതുക്കാട് പൊലീസ് പ്രതികരിച്ചു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article