40 സെക്കൻഡിനുള്ളിൽ 25 തവണ കുത്തി’: അധ്യാപികയെ സ്കൂളിൽ വച്ച് കുത്തിക്കൊന്ന് 21കാരൻ

News Desk
2 Min Read

ഫരീദാബാദ്: സ്കൂൾ അധ്യാപികയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് ദാരുണ സംഭവം. സിക്രോണയിലെ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് അധ്യാപികയും ഫിറോസ്പൂർ കലാൻ സ്വദേശിയുമായ സന്ധ്യ കർഹാന (30)യാണ് കൊല്ലപ്പെട്ടത്.

ഭർത്താവും രണ്ട് മക്കളുമുള്ള അധ്യാപികയെ, പ്രതിയും 21കാരനുമായ അമിത് കുറച്ചുനാളുകളായി പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് പ്രതിയുടെ ജന്മനാടായ കോട്ട് ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ സന്ധ്യ ജോലി ചെയ്തിരുന്നപ്പോഴാണ് അമിത് ഇവരെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. എന്നാൽ ശല്യം തുടർന്നാൽ പൊലീസിൽ പരാതിപ്പെടുമെന്ന് അടുത്തിടെ മുന്നറിയിപ്പും നൽകിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പ്രതി മുഖത്ത് വെള്ളത്തുണിയും ധരിച്ച് സ്കൂളിൽ പ്രവേശിക്കുകയായിരുന്നു. ഈ സമയം പ്രധാന കവാടത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ ഇല്ലായിരുന്നു. തുടർന്ന് ഭർത്താവ് കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞ് അധ്യാപികയെ പുറത്തേക്ക് വിളിക്കാൻ പ്രതി രണ്ട് വിദ്യാർഥികളോടും ഒരു ജീവനക്കാരനോടും ആവശ്യപ്പെട്ടു. സന്ധ്യയുടെ ഭർത്താവിന്റെ പേര് പ്രതിക്ക് അറിയാമായിരുന്നു.

പിന്നാലെ, അധ്യാപികയെ ക്ലാസ്മുറിക്ക് പുറത്തേക്ക് വലിച്ചിഴച്ച അമിത്, 40 സെക്കന്റിനുള്ളിൽ കഴുത്തിലും നെഞ്ചിലും വയറ്റിലും 25ലധികം തവണ കുത്തി. ഈ സമയം 300ലധികം വിദ്യാർഥികൾ സ്കൂളിലുണ്ടായിരുന്നു. പലരും ക്ലാസ് മുറിയിലെ ജനലുകളിലൂടെയാണ് കാഴ്ച കണ്ടത്. ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതി ശരീരം സ്ട്രെച്ച് ചെയ്യുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് പൊലീസ് വക്താവ് യഷ്പാൽ യാദവ് അറിയിച്ചു.

നിലവിളി കേട്ടാണ് താൻ ഓഫീസിന് പുറത്തേക്ക് ഓടിയെത്തിയതെന്ന് സ്കൂൾ ഡയറക്ടർ തേജ്പാൽ ശർമ്മ പറഞ്ഞു. “മഴയായതിനാൽ ആർക്കെങ്കിലും വൈദ്യുതാഘാതമേറ്റതാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പുറത്തുവന്നപ്പോൾ അക്രമി, സന്ധ്യയെ തുടർച്ചയായി കുത്തുന്നത് കണ്ടു. തടയാൻ ശ്രമിച്ചപ്പോൾ അയാൾ എന്നെയും ആക്രമിക്കാൻ മുതിർന്നു. തുടർന്ന് വടിയെടുക്കാനായി ഓടിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു”- തേജ്പാൽ ശർമ്മ പറഞ്ഞു

ക1ലപാതകത്തിന്ശേഷം രക്ഷപ്പെട്ട പ്രതി അമിത്തിനെ രണ്ട് മണിക്കൂറിനുള്ളിൽ ചോരപുരണ്ട വസ്ത്രങ്ങളോടെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article