വടകര: ഓപ്പറേഷൻ തൂഫാൻ അന്വേഷണത്തിന്റെ ഭാഗമായുള്ള എംഡിഎംഎ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ. അറസ്റ്റിലായ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ 3 അധ്യാപികമാരിൽ നീഷ്മയും കാവ്യയും ഇടത് സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനിലാണ് പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഇരുവരും സംഘടനയുടെ ഭാരവാഹിത്വവും വഹിച്ചിരുന്നു. പേരാമ്പ്ര യൂണിറ്റിന്റെ ഭാരവാഹിത്വമാണ് ഇരുവർക്കും ഉണ്ടായിരുന്നത്. അധ്യാപികമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ അന്ന് പുറത്തിറക്കിയ പോസ്റ്ററും ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. അറസ്റ്റിനു പിന്നാലെ ഇവരെ സംഘടനയിൽനിന്നും പുറത്താക്കിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം പേരാമ്പ്രയിൽ വച്ചാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നത്. ഈ സമ്മേളനത്തിലാണ് കാവ്യയേയും നീഷ്മയെയും ഭാരവാഹികളായി തിരഞ്ഞെടുത്തത്. എന്നാൽ മറ്റാരും ഭാരവാഹിത്വം ഏൽക്കാൻ തയാറാകാത്തതോടെയാണ് ഇവരെ ചുമതല ഏൽപ്പിച്ചതെന്ന് സംഘടനാ ഭാരവാഹി പറയുന്നു. ഈ വർഷം അധ്യാപികമാർ സംഘടനാ അംഗത്വം പുതുക്കിയില്ലെന്നും കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടവർ പറഞ്ഞു. എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപികമാർ ഇടത് അനുഭാവികളാണെന്ന് മുൻപേ ആരോപണം ഉയർന്നിരുന്നു.
അതേസമയം കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന കണ്ടെത്തലിൽ അന്വേഷണത്തിനു പ്രത്യേകസംഘം രൂപീകരിച്ചു. അധ്യാപികമാർക്കൊപ്പം അറസ്റ്റിലായ ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസിന്റെ അക്കൗണ്ടിൽ 6 മാസത്തിനിടെ ഒരു കോടി രൂപയുടെ ഇടപാടു നടന്നിട്ടുണ്ട്. അധ്യാപികമാരുമായി അടുത്ത ബന്ധം പുലർത്തുന്നവരെപ്പറ്റിയും അന്വേഷിക്കും. കേസിൽ ഉൾപ്പെട്ടവരെ മുഴുവൻ വലയിലാക്കുകയെന്ന ഓപ്പറേഷൻ തൂഫാൻ ലക്ഷ്യമാണു വടകരയിൽ നടപ്പാക്കിയത്.’ ഡിഐജി കെ.കാർത്തിക് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
