വാഷിങ്ടൻ: യുഎസ്-സൗദി അറേബ്യ സിവിലിയൻ ആണവ കരാറിന് ഔദ്യോഗികമായി അംഗീകാരം നൽകിയതിനു തൊട്ടുപിന്നാലെ പുതിയ നിബന്ധന മുന്നോട്ടുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗൾഫ് രാജ്യമായ സൗദി അറേബ്യ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം.
കരാർ പൂർണമായി പ്രാബല്യത്തിൽ വരണമെങ്കിൽ സൗദി അറേബ്യ കർശനമായ ഉപാധികൾ പാലിക്കണമെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നതിനുള്ള അബ്രഹാം കരാറിൽ സൗദി അറേബ്യ ഒപ്പുവച്ചാൽ മാത്രമേ ആണവ സഹകരണവുമായി മുന്നോട്ട് പോകുകയുള്ളൂവെന്നാണ് ട്രംപിന്റെ നിലപാട്.
ആണവോർജ മേഖലയിൽ അമേരിക്കയുമായി ചരിത്രപരമായ സഹകരണത്തിനാണ് സൗദി അറേബ്യ കൈകൊടുത്തത്. സൗദി ഊർജ, വ്യവസായ, ഖനന വിഭവ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാനും യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും തമ്മിലാണ് കരാറിൽ ഒപ്പുവച്ചത്. കഴിഞ്ഞ വർഷം നവംബറിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ യുഎസ് സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ ആരംഭിച്ച ഉഭയകക്ഷി ചർച്ചകളുടെ തുടർച്ചയായാണ് സുപ്രധാന കരാർ നിലവിൽ വന്നത്.
സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവോർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിൽ വിജ്ഞാനവും അത്യാധുനിക സാങ്കേതികവിദ്യകളും കൈമാറാൻ കരാർ ലക്ഷ്യമിടുന്നു. രാജ്യാന്തര ആണവ സുരക്ഷാ മാനദണ്ഡങ്ങളും ആണവായുധ വ്യാപന വിരുദ്ധ നിബന്ധനകളും പൂർണമായും പാലിച്ചായിരിക്കും പദ്ധതികൾ നടപ്പിലാക്കുക.
ഊർജ സ്രോതസുകളിൽ വൈവിധ്യവൽക്കരണം കൊണ്ടുവരാനും അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും, ഊർജ മേഖലയിൽ പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും കരാർ വഴിതുറക്കുമെന്നാണ് പ്രതീക്ഷ. അതിനിടെയാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
