കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎംകെ) സംഘടിപ്പിക്കുന്ന ദ്വിദിന നേതൃത്വ ശിൽപശാല ‘റീ ഇമാജിനിങ് കേരളം’ ആരംഭിച്ചു. ഐഐഎംകെ ക്യാംപസിൽ ഇന്നും നാളെയുമാണ് ക്യാംപ്. മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രിസഭാംഗങ്ങളും, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒഎസ്ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ എന്നിവർ പങ്കെടുക്കും. ഐഐഎംകെ അധ്യാപകരും രാജ്യാന്തര വിദഗ്ധരും വിവിധ സെഷനുകൾ നയിക്കും.
രാവിലെ 9ന് മുഖ്യമന്ത്രി വി.ഡി.സതീശൻ തിരി തെളിച്ചതോടെയാണ് ആദ്യദിന പരിപാടികൾക്ക് തുടക്കമായത്. നിലവിലെ വികസന നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള കൂട്ടായ ആലോചനയ്ക്കാണ് ക്യാംപിൽ പ്രാധാന്യം നൽകുന്നത്. ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, സാമ്പത്തിക-ധനകാര്യ മേഖല, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാൻഡിങ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
കേരള മന്ത്രിസഭയ്ക്കായി ഐഐഎംകെ നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് ഇതു രണ്ടാം തവണയാണ്. 2011ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കായി ഐഐഎംകെ ഏകദിന നേതൃത്വ മാനേജ്മെന്റ് പരിപാടി സംഘടിപ്പിച്ചിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
