ചെക്ക് കേസിൽ കുടുക്കി സുഹൃത്ത് മുങ്ങി; ഷാർജയിൽ മലയാളി യുവാവിന്റെ ജീവിതം തെരുവിൽ

malayalampress
3 Min Read

ഷാർജ: മണലാരണ്യത്തിലെ കനത്ത ചൂടിനേക്കാൾ പൊള്ളുന്നതാണ് നെഞ്ചേറ്റിയ സുഹൃത്ത് കരുതിവച്ച വഞ്ചനയുടെ ആഴം. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ, തലചായ്ക്കാൻ ഒരിടമില്ലാതെ ഷാർജ മുവൈലയിലെ ഒരു കെട്ടിടത്തിന്റെ പടിക്കെട്ടിനടിയിലെ ഒഴിഞ്ഞ കോണിൽ അഭയം തേടിയിരിക്കുകയാണ് ആലപ്പുഴ മാവേലിക്കര സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ.

ഗൾഫ് മണ്ണിൽ വിയർപ്പൊഴുക്കി കുടുംബം പുലർത്താമെന്ന മോഹവുമായി 2018-ലാണ് ഈ യുവാവ് യുഎഇയിലെത്തുന്നത്. അതിനു മുൻപ് സൗദിയിൽ നാല് വർഷവും ഒമാനിൽ രണ്ടു വർഷവും ജോലി ചെയ്ത പരിചയസമ്പത്തുണ്ടായിരുന്നു. ഓയിൽ ഫീൽഡ് ഫ്ലോർമാൻ (എസ്ടിസിഡബ്ല്യു) കോഴ്സ് പാസായ ഇദ്ദേഹം സഊദി ജിദ്ദ സിറ്റി സെന്ററിലും ഒമാനിലെ പ്രമുഖ പെട്രോളിയം കമ്പനിയിലുമെല്ലാം ജോലി നോക്കിയിട്ടുള്ളതുമാണ്.

എന്നാൽ കാനഡയിലേക്ക് ചേക്കേറണമെന്ന ആഗ്രഹത്തോടെ നാട്ടിലേക്ക് മടങ്ങിയ യുവാവിന് അവിടെ കാത്തിരുന്നത് വലിയൊരു കെണിയായിരുന്നു. കാനഡാ വീസയ്ക്കായി ആറ് ലക്ഷത്തോളം രൂപ നൽകിയെങ്കിലും ഏജന്റുമാർ ചതിച്ചു. ദുബായ് വഴിയാണ് കാനഡയിലേക്ക് പോകേണ്ടതെന്ന് വിശ്വസിപ്പിച്ച് സന്ദർശക വീസയിൽ ഇവിടെയെത്തിച്ച ശേഷം ഏജൻസി മുങ്ങുകയായിരുന്നു. ഒടുവിൽ നിവൃത്തിയില്ലാതെ 2021-ലാണ് യുഎഇയിൽ വീണ്ടുമൊരു തൊഴിൽ വീസ സ്വന്തമാക്കി ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിച്ചത്.

∙ വിശ്വസിച്ച സുഹൃത്ത് വിരിച്ച കെണി

അജ്മാനിൽ വച്ച് പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ അനീഷ് എന്ന സുഹൃത്തിനെയും ഭാര്യ ലക്ഷ്മിയെയും കണ്ണുമടച്ച് വിശ്വസിച്ചതാണ് ഈ യുവാവിന്റെ ജീവിതം തെരുവിലേക്കെത്തിച്ചത്. താമസിക്കാൻ ഇടമില്ലാതെ വലഞ്ഞ അനീഷിനും കുടുംബത്തിനും ഫ്ലാറ്റെടുത്തു നൽകാനായി യുവാവ് സ്വന്തം പേരിലുള്ള ചെക്കുകൾ ഒപ്പിട്ടു നൽകി. 3,200 ദിർഹം വീതം വരുന്ന 12 ചെക്കുകളാണ് നൽകിയത്. എന്നാൽ, ഇതിൽ അവസാന മാസങ്ങളിലെ നാല് ചെക്കുകൾ ബാങ്കിൽ നിന്ന് മടങ്ങിയപ്പോഴാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് ഈ മാവേലിക്കരക്കാരൻ തിരിച്ചറിയുന്നത്.

ഫ്ലാറ്റ് ഉപേക്ഷിച്ച് പോയതിനാൽ അനീഷിനെയും കൊല്ലം സ്വദേശിനി ലക്ഷ്മിയെയും ഒട്ടേറെ സ്ഥലങ്ങളിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ചെക്ക് മടങ്ങിയതോടെ കെട്ടിട ഉടമകൾ യുവാവിനെതിരെ നിയമനടപടി സ്വീകരിച്ചു. ഇതോടെ യാത്രാവിലക്കും വീണു. വീസ കാലാവധി തീർന്നതോടെ നിയമപരമായി ജോലി ചെയ്യാനുള്ള അവസരവും അടഞ്ഞു. കഴിഞ്ഞ ഡിസംബർ മുതൽ പൂർണമായും തൊഴിലില്ലാതായി. വാടക നൽകാൻ കഴിയാതെ വന്നതോടെ ഷാർജ മുവൈലയിലെ ബാച്ചിലേഴ്സ് ഫ്ലാറ്റിൽ നിന്നുള്ള താമസവും നഷ്ടമായി.

ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ കയ്യിൽ പണമില്ലായിരുന്നു. ഇപ്പോൾ ഒരു സുഹൃത്ത് നൽകുന്ന ഒരു നേരത്തെ ആഹാരം കൊണ്ടാണ് ജീവൻ നിലനിർത്തുന്നത്. കേസ് തീർപ്പാക്കാൻ എത്ര തുക വേണമെന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥയിലാണ്-യുവാവ് മനോരമ ഓൺലൈനിനോട് കണ്ണീരോടെ പറഞ്ഞു.

∙ രോഗബാധിതനായ പിതാവും തളർന്ന കൈകളും

താൻ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം നാട്ടിലുള്ള പിതാവിന്റെ ഹൃദയശസ്ത്രക്രിയക്കായാണ് ഈ മകൻ ചെലവഴിച്ചത്. മുൻപ് ദുബായ് വർസാനിൽ ജോലി ചെയ്യുന്നതിനിടെ വലിയ ചുറ്റിക വീണ് വലതുകൈക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സ്വാധീനം കുറഞ്ഞ ഈ കൈ വച്ച് കഠിനമായ മറ്റെന്തെങ്കിലും ജോലി ചെയ്യാനും യുവാവിന് സാധിക്കില്ല.

ഈ കനത്ത ചൂടിൽ മുവൈലയിലെ കെട്ടിടത്തിന്റെ പടിക്കെട്ടിനടിയിൽ ശ്വാസം മുട്ടുകയാണ് നിരാലംബനായ യുവാവ്. കെട്ടിട കാവൽക്കാരന്റെ കാരുണ്യമാണ് ഇങ്ങനെയെങ്കിലും അന്തിയുറങ്ങാൻ കഴിയുന്നതിന് പിന്നിൽ പകൽ നേരം പൊള്ളുന്ന ചൂട് സഹിച്ച് തെരുവോരത്ത് എവിടെയെങ്കിലും ഇരിക്കും. തൊട്ടടുത്തെ പള്ളിയിൽ നിന്ന് കുടിവെള്ളം സംഘടിപ്പിക്കുന്നത്. ഇടയ്ക്ക് പള്ളിയോട് ചേർന്ന് തണലത്ത് മണിക്കൂറോളം ഇരിക്കുകയും ചെയ്യും.

അടിയന്തരമായി തലചായ്ക്കാൻ ഒരു ചെറിയ ബെഡ് സ്പേസും ഭക്ഷണവും നാടണയാൻ സഹായിക്കുന്ന നിയമസഹായവും മാത്രമാണ് ഈ യുവാവ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. തന്റെ ഒരു കൈയുടെ സ്വീധീനക്കുറവ് പരിഗണിച്ച് ഒരു ജോലി നൽകിയാൽ സ്വീകരിക്കാനും ഒരുക്കമാണ്. പ്രവാസലോകത്തെ കാരുണ്യമുള്ള ഏതെങ്കിലും സുമനസ്സുകൾ തനിക്ക് നേരെ സഹായഹസ്തം നീട്ടുമെന്ന ഒടുവിലത്തെ പ്രതീക്ഷയിലാണ് ഇദ്ദേഹം. യുവാവിനെ ബന്ധപ്പെടേണ്ട ഫോൺ‍: +971 54 753 9167

കടപ്പാട്: മനോരമ ഓൺലൈൻ 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article