മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലെ വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ പിന്തുടരുന്നതും ചിത്രീകരിക്കുന്നതും കർശനമായി നിരോധിച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി.
സമൂഹമാധ്യമത്തിൽ പങ്കുവയ്‌ക്കാനായി ചില ഇൻഫ്ലുവൻസർമാർ വന്യമൃഗങ്ങളെ പിന്തുടരുന്നതും ചിത്രീകരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. വന്യമൃഗങ്ങൾക്ക് സമ്മർദവും ഭയവും ഉണ്ടാക്കുന്ന ഇത്തരം ചെയ്തികൾ ആളുകൾക്കും വന്യജീവികൾക്കും അപകടങ്ങളുണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് കടന്നുകയറുന്നത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. മുൻകൂർ അനുമതിയില്ലാതെ വന്യമൃഗങ്ങളുടെ ഫോട്ടോ എടുക്കുന്നതും പിന്തുടരുന്നതും പ്രകൃതി, വന്യജീവി സംരക്ഷണ നിയമത്തിന്റെയും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെയും ലംഘനമാണ്. ഗവർണറേറ്റിന്റെ വനമേഖലകളിൽ ധാരാളം സന്ദർശകരെ ആകർഷിക്കുന്ന വാർഷിക ഖാരീഫ് സീസൺ തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. എല്ലാ സന്ദർശകരോടും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും വന്യജീവി സംരക്ഷണ ചട്ടങ്ങളെ മാനിക്കാനും പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
