ഹനോയ്: വിയറ്റ്‌നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപം സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യൻ സഞ്ചാരികൾ മരണപ്പെട്ടു. പ്രമുഖ വ്യവസായ ഗ്രൂപ്പായ വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയും കൊല്ലം കൊട്ടാരക്കര സ്വദേശിയുമായ എ.സി. തോമസ്, ഭാര്യ ലവ്‌നി തോമസ് എന്നിവരാണ് അപകടത്തിൽപ്പെട്ട മലയാളികൾ.
മരണപ്പെട്ട 15 പേരിൽ രണ്ടുപേർ കേരളത്തിൽ നിന്നും, മൂന്നുപേർ ആന്ധ്രപ്രദേശിൽ നിന്നും, പത്തുപേർ തമിഴ്‌നാട്ടിൽ നിന്നുമുള്ളവരാണ്. ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരുടെയും മരിച്ചവരുടെയും ഔദ്യോഗിക പട്ടിക വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടു.
മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുകയായിരുന്ന ‘ഓഷ്യൻ പേൾ ഐലൻഡ്’ കമ്പനിയുടെ സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനിയുടെ കീഴിൽ സർവീസ് നടത്തിയിരുന്ന ബോട്ട്, യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് തലകീഴായി മറിയുകയായിരുന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദുരന്തമുണ്ടായത്. 32 ഇന്ത്യൻ യാത്രികരും മൂന്ന് ജീവനക്കാരും ഒരു അറ്റൻഡന്റും ഉൾപ്പെടെ 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 18 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കടൽ പ്രക്ഷുബ്ധമായതാണ് ബോട്ടിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
രക്ഷാപ്രവർത്തനം ഊർജിതം; കൺട്രോൾ റൂം തുറന്നു
അപകടവിവരമറിഞ്ഞ ഉടൻ തന്നെ വിയറ്റ്‌നാം ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സൈന്യം, പൊലിസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ച് വൻതോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. അടിയന്തര സഹായങ്ങൾക്കായി കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും അനുശോചിച്ചു
ബോട്ട് ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കുകയും കടുത്ത ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
പരിക്കേറ്റവർക്ക് വിയറ്റ്‌നാം അധികൃതരുമായി ചേർന്ന് മികച്ച ചികിത്സ ഉറപ്പാക്കാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും നിയമപരമായ തുടർനടപടികളും വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
