പുതിയ ‘സഊദി വിസ പാക്കേജ്’ പദ്ധതി ആദ്യ പട്ടികയിൽ ഇന്ത്യയടക്കം ആറ് രാജ്യങ്ങൾ

malayalampress
1 Min Read

റിയാദ്: സഊദി അറേബ്യ പുതുതായി ആരംഭിച്ച സഊദി വിസ പാക്കേജ് പദ്ധതി ആദ്യ പട്ടികയിൽ ഇന്ത്യയടക്കം ആറ് രാജ്യങ്ങൾ. ബണ്ടിൽഡ് ട്രാവൽ ബുക്കിംഗിന്റെ ഭാഗമായി യാത്രക്കാർക്ക് സഊദി ടൂറിസ്റ്റ് വിസ ഇലക്ട്രോണിക് ആയി നേടാൻ അനുവദിക്കുന്ന ഒരു പുതിയ സംരംഭമാണ് പുതിയ സഊദി വിസ പാക്കേജ്.

ഇന്ത്യക്ക് പുറമെ ജോർദാൻ, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്കാണ് നിലവിൽ വിസ പാക്കേജ് ലഭ്യമായിട്ടുള്ളത്. വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ എന്നിവ ഒരൊറ്റ ബുക്കിംഗിലൂടെ സ്വന്തമാക്കാൻ സാധിക്കുന്ന ‘വിസ പാക്കേജ്’ പദ്ധതി വിനോദസഞ്ചാരികൾക്കായി പുത്തൻ യാത്രാ സൗകര്യങ്ങളായിരിക്കും സമ്മാനിക്കുക.

എന്താണ് ‘വിസ പാക്കേജ്’?- പ്രത്യേകതകൾ അറിയാം

മൂന്ന് മാസത്തെ (90 ദിവസത്തെ) കാലാവധിയുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസയായിരിക്കും യാത്രക്കാർക്ക് ലഭിക്കുക. ഇത് ഉപയോഗിച്ച് രാജ്യത്ത് കുറഞ്ഞത് രണ്ട് ദിവസവും പരമാവധി 88 ദിവസവും താമസിക്കാനാകും. നിലവിൽ ‘റിസെർവൽ’ (Reserval), ‘അൽമൊസാഫർ’ (Almosafer) എന്നീ രണ്ട് സഊദി ട്രാവൽ ഏജൻസികളെയാണ് ഈ സേവനത്തിനായി മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ ആയി ലഭിക്കുന്ന വിസയായതിനാൽ സഊദി എംബസി സന്ദർശിക്കുകയോ മറ്റു കാത്തിരിപ്പോ വേണ്ടി വരില്ല.

ആദ്യത്തെ രണ്ട് ദിവസത്തെ താമസത്തിന് ഒരാൾക്ക് കുറഞ്ഞത് 4,000 സൗദി റിയാലാണ് പാക്കേജ് തുക. തുടർന്നു വരുന്ന ഓരോ ദിവസത്തിനും 1,000 റിയാൽ വീതം അധികം നൽകണം. വിനോദ പരിപാടികളുടെ ടിക്കറ്റുകളും മറ്റ് ആക്റ്റിവിറ്റികളും ആവശ്യമെങ്കിൽ പാക്കേജിനൊപ്പം അധികമായി തിരഞ്ഞെടുക്കാവുന്നതാണ്. ഈ വിസ പാക്കേജ് ബുക്കിംഗ് റദ്ദാക്കിയാൽ അതിനോടൊപ്പമുള്ള വിസയും സ്വയമേവ റദ്ദാക്കപ്പെടും. വിസ മാത്രമായി റദ്ദാക്കാൻ സാധിക്കില്ല.

ഉംറ ക്രമീകരണങ്ങൾ പോലുള്ള മക്ക, മദീന എന്നീ പുണ്യനഗരങ്ങളിലെ സേവനങ്ങൾ പാക്കേജുകളിൽ ഉൾപ്പെടുന്നില്ലെങ്കിലും, വിസ ഉടമകൾക്ക് സഊദി അറേബ്യയിലെത്തിയാൽ മക്ക, മദീന ഉൾപ്പെടെ ഏത് സ്ഥലത്തും, യാത്ര ചെയ്യാൻ അനുവാദമുണ്ടാകും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article