പുകയിലയും ചുണ്ണാമ്പും കൈവശം വെച്ചതിന് പ്രവാസി പിടിയിലായി; തടവിന് ശേഷം മോചനം, പിഴയും നിയമചെലവുമായി നഷ്ടമായത് 18 ലക്ഷം രൂപ

malayalampress
1 Min Read

അസംഗഡ്: ചുണ്ണാമ്പും പുകയിലയും അടങ്ങിയ ചെറിയ ഡപ്പി (ചുനൗട്ടി) കൈവശം വെച്ചതിന് ബഹ്റൈനില്‍ പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശിക്ക് 20 ദിവസത്തെ തടവിന് ശേഷം മോചനം. അസംഗഡ് ജില്ലയിലെ ഭവ്രുപൂര്‍ ഗ്രാമവാസിയായ സൗരഭ് റായിക്കാണ് പിഴയും നിയമചെലവുകളുമായി ഏകദേശം 18 ലക്ഷത്തോളം രൂപ നഷ്ടമായത്.

സഊദി അറേബ്യയിലെ ദമ്മാമിലേക്ക് പോകുന്നതിനിടെ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സൗരഭ് ഒക്ടോബര്‍ 29-ന് ബഹ്റൈനില്‍ എത്തിയത്. ബഹ്റൈനിലേക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സൗരഭ് പറയുന്നു. പരിശോധനയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ ബാഗും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും തുടര്‍ന്ന് ബഹ്റൈന്‍ പോലിസിനും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിനും കൈമാറുകയുമായിരുന്നു.

തടങ്കലില്‍ തനിക്ക് കടുത്ത ദുരിതമാണ് നേരിടേണ്ടി വന്നതെന്ന് സൗരഭ് വെളിപ്പെടുത്തി. 16 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ അഞ്ച് ടണ്‍ എ.സി പ്രവര്‍ത്തിക്കുന്ന മുറിയിലാണ് തന്നെ പാര്‍പ്പിച്ചിരുന്നതെന്നും പുതയ്ക്കാന്‍ നേര്‍ത്തൊരു തുണി മാത്രമാണ് നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുകാരണം തനിക്ക് ടൈഫോയ്ഡും മലേറിയയും ബാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും പാകിസ്ഥാന്‍ സ്വദേശികളായിരുന്നുവെന്നും, തന്നോട് പക്ഷപാതപരമായാണ് പെരുമാറിയതെന്നും സൗരഭ് ആരോപിച്ചു.

നാട്ടിലുള്ള കുടുംബം പരിചയക്കാര്‍ വഴി ബഹ്റൈനില്‍ അഭിഭാഷകനെ ഏര്‍പ്പാടാക്കുകയും, തുടര്‍ന്ന് 7,200 ബഹ്റൈന്‍ ദിനാര്‍ പിഴയൊടുക്കിയ ശേഷം നവംബര്‍ 18-ന് കോടതി ഇയാളെ മോചിപ്പിക്കുകയുമായിരുന്നു. പിഴ അടച്ചില്ലായിരുന്നെങ്കില്‍ 15 വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നുവെന്ന് സൗരഭ് പറഞ്ഞു. ശനിയാഴ്ച നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ക്ക് നിലവില്‍ ബഹ്റൈനിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗരഭിന്റെ സഹോദരന്‍ റിഷഭ് റായ് ആഭ്യന്തര വകുപ്പും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളും മോചനത്തിന് സഹായകമായി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!