പ്രവാസികൾക്ക് ബംപർ ഓഫർ, ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

News Desk
1 Min Read

ദുബായ്: രാജ്യാന്തര വിമാന സർവീസുകൾക്ക് ആകർഷകമായ ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്ലോർ മോർ’ വിൽപന മേളയ്ക്ക് തുടക്കമായി. ലൈറ്റ്, വാല്യൂ നിരക്കുകളിൽ 15 ശതമാനം വരെ ഇളവാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 9 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഈ കാലയളവിൽ ടിക്കറ്റെടുക്കുന്നവർക്ക് 2027 മാർച്ച് 27 വരെയുള്ള യാത്രകൾക്ക് ഇളവ് ലഭിക്കും.

എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക മുൻഗണനയോടെ ആദ്യദിനം തന്നെ ടിക്കറ്റുകൾ ലഭ്യമാക്കും. ജൂലൈ ആറു മുതൽ രാജ്യത്തെ പ്രമുഖ ബുക്കിങ് കേന്ദ്രങ്ങൾ വഴിയും ഇളവുകളോടെ ടിക്കറ്റ് സ്വന്തമാക്കാം.

വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക സർവീസ് ചാർജുകൾ ഈടാക്കില്ല. കൂടാതെ, യാത്ര ചെയ്യുന്ന തീയതിയിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ അതിനുള്ള സൗകര്യവും സൗജന്യമായി ലഭിക്കും. ടാറ്റാ ന്യൂപാസ് അംഗങ്ങൾക്ക് രാജ്യാന്തര ബുക്കിങ്ങുകളിൽ 500 രൂപ വരെ അധിക ഇളവും ഒപ്പം പ്രത്യേക ആനുകൂല്യങ്ങളും സ്വന്തമാക്കാനാകും.

പശ്ചിമേഷ്യ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് ആഴ്ചയിൽ എണ്ണൂറിലധികം രാജ്യാന്തര സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ബാങ്കോക്ക്, ഫുക്കറ്റ്, സിംഗപ്പൂർ എന്നിവയ്ക്ക് പുറമെ യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവയുൾപ്പെടെയുള്ള 13 പശ്ചിമേഷ്യൻ നഗരങ്ങളിലേക്കും വിമാന സർവീസുകളുണ്ട്.

അടുത്തിടെ നവി മുംബൈ–അബുദാബി, ഗുവാഹത്തി–അബുദാബി, ഗുവാഹത്തി–ദുബായ് എന്നീ മൂന്ന് പുതിയ സർവീസുകളും എയർലൈൻ ആരംഭിച്ചിരുന്നു. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ പ്രതിദിനം അഞ്ഞൂറിലേറെ സർവീസുകളാണ് നടത്തുന്നത്. നൂറിലധികം വിമാനങ്ങളാണ് എയർലൈൻസിന്റെ പക്കലുള്ളത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article