കൊച്ചി: താരസംഘടനയായ അമ്മയിൽ ശ്വേതാ മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഘടനയിലെ ഒരു വിഭാഗം രംഗത്ത്. രാജി പ്രഖ്യാപിച്ച ശ്വേതയുടെ കമ്മിറ്റിക്കു തിരിച്ചു വരാൻ കഴിയില്ലെന്നു മാലാ പാർവതി, അൻസിബ ഹസൻ, ഉഷ ഹസീന, മായാ വിശ്വനാഥ് എന്നിവർ ആരോപിച്ചു. കോടതി സ്റ്റേ ചെയ്ത അഡ്‌ഹോക് കമ്മിറ്റിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. ബിജെപിയിൽ നിന്നു ഫണ്ട് വാങ്ങൽ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളടക്കം ഇവർ ശ്വേതയ്ക്കെതിരെ ഉന്നയിച്ചു.
എന്നാൽ ആരോപണങ്ങൾക്കു പിന്നാലെ നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി അറിയിച്ചു ശ്വേതാ മേനോൻ സമൂഹ മാധ്യമത്തിൽ കുറിപ്പു പങ്കുവച്ചു. ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കരുതെന്നും നിലപാടിൽ ഉറച്ചു നിൽക്കണമെന്നും ഇരുവരും പറഞ്ഞതായും ശ്വേത കുറിപ്പിൽ അവകാശപ്പെട്ടു.
‘ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല സംഘടന എങ്ങനെ പ്രവർത്തിക്കണമെന്നു തീരുമാനിക്കേണ്ടതെന്നും ഭൂരിപക്ഷം അംഗങ്ങളാണെന്നും’ അവർ കുറിച്ചു. ശ്വേതയുടെ അവകാശവാദം വിശ്വസിക്കുന്നില്ലെന്നും അങ്ങനെയെങ്കിൽ മമ്മൂട്ടിയും മോഹൻലാലും പരസ്യമായി പ്രതികരിക്കട്ടെയെന്നും അൻസിബ പറഞ്ഞു.
നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ മൊഴി നൽകാൻ അൻസിബ ഇന്നലെ വൈകിട്ടു കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും ഉദ്യോഗസ്ഥൻ എത്തിയില്ല, അതോടെ മടങ്ങി. രമേഷ് പിഷാരടി എംഎൽഎ കൺവീനറായി രൂപീകരിച്ച ‘അമ്മ’യിലെ അഡ്ഹോക് കമ്മിറ്റിക്കു നിയമ സാധുതയില്ലെന്നു ചൂണ്ടിക്കാട്ടി ശ്വേത നൽകിയ ഹർജിയിൽ മുൻസിഫ് കോടതി സ്റ്റേ അനുവദിച്ചിരുന്നു. കോടതി ഉത്തരവിനെത്തുടർന്നു പിഷാരടി സ്ഥാനം രാജി വച്ചിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
