തിരുവല്ല: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിനെതിരെ തുറന്നടിച്ച് മലങ്കര മാർത്തോമ സുറിയാനി സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് വിമർശനം. മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മാർത്തോമ സഭാധ്യക്ഷൻ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ വരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ മദ്യ നയത്തിനെതിരെ കനത്ത പ്രതിഷേധമാണ് കേരളത്തിൽ എമ്പാടും ഉണ്ടാകുന്നത്.
10 ശതമാനത്തിൽത്താഴെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും 10നും 20നും ഇടയ്‌ക്ക് വീര്യമുള്ളവയ്‌ക്ക് 175 ശതമാനവും വിൽപ്പനനികുതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബക്കാഡി കമ്പനി വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. വി ഡി സതീശന്റെ ബജറ്റ് നിർദേശത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം വിവിധ മത, സാമുദായിക സംഘടനകളും കെപിസിസി മുൻ പ്രസിഡന്റ് വി എം സുധീരനും പ്രതിഷേധം അറിയിച്ചിരുന്നു.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
