ഒരു മണിക്കൂറിനുള്ളില്‍ കോഴിക്കോട്ടേക്ക് മൂന്ന് വിമാനങ്ങള്‍: സമയം മാറ്റണമെന്ന് യാത്രക്കാര്‍

News Desk 03
1 Min Read

റിയാദ്: റിയാദ് – കോഴിക്കോട് സെക്ടറില്‍ ഒരു മണിക്കൂറിനുള്ളില്‍ മൂന്ന്‌ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് സൗകര്യം ആണെന്നത് പോലെ തന്നെ അസൗകര്യവും ഉണ്ടാക്കുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഫ്ലൈ നാസ്, സഊദി എയര്‍ലൈന്‍സ് എന്നിവയാണ് രാത്രി ഒരു മണിക്കൂറിനുള്ളില്‍ കോഴിക്കോട്ടേക്ക് പറക്കുന്നത്. ഈ മൂന്ന്‌ വിമാനങ്ങളും പോയാല്‍ പിന്നെ അടിയന്തരമായി പോകേണ്ടി വരുന്നവര്‍ക്ക് കണക്ഷന്‍ വിമാനങ്ങള്‍ മാത്രമാണ് ആശ്രയം. ആയതിനാല്‍
ഇവയുടെ സമയത്തില്‍ ‍ ചെറിയ മാറ്റം വരുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

റിയാദില്‍ നിന്നും രാത്രി 11.55 ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് പുറപ്പെടുന്നു. 12.40 ന് ഫ്ലൈ നാസും ഒരു മണിക്ക് സഊദി എയര്‍ലൈന്‍സും പറന്നുയരുന്നു. തിരിച്ച് കോഴിക്കോട് നിന്നും റിയാദിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് രാത്രിയാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഫ്ലൈ നാസ്, സഊദി എയര്‍ ലൈന്‍സ് എന്നിവ   രാവിലെ ഒമ്പതിനും പത്തിനും ഇടയില്‍ തിരിച്ചു പറക്കുന്നു.

റിയാദില്‍ നിന്നും സഊദിയുടെ എല്ലാ  നഗരങ്ങളിലേക്കും കണക്ഷന്‍ ഉള്ള സഊദി എയര്‍ ലൈന്‍സിന്റെ സമയം മാറ്റണം എന്നാണ്  യാത്രക്കാര്‍ ആവശ്യപ്പെടുന്നത്‌. പ്രവാസികള്‍ക്ക് പുറമെ ഉംറ തീര്‍ത്ഥാടകരും സഊദി എയര്‍ലൈന്‍സിനെ ആശ്രയിക്കുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവരുടെ സൗകര്യം പരിഗണിച്ച് കോഴിക്കോട് നിന്നും പുറപ്പെടുന്ന സമയം ഉച്ചക്ക് ശേഷം ആക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ഇതോടൊപ്പം സഊദി എയര്‍ലൈന്‍സിന്റെ കോഴിക്കോട് – ജിദ്ദ സര്‍വീസ് ആരംഭിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

വലിയ വിമാനങ്ങള്‍ക്ക് അനുമതി ഇല്ലാത്തതിനാല്‍ ചെറിയ വിമാനം ഉപയോഗിച്ചാണ് സഊദി എയര്‍ലൈന്‍സ് റിയാദ്- കോഴിക്കോട് സര്‍വീസ് നടത്തുന്നത്. മുമ്പ്‌ വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നും സഊദി എയര്‍ലൈന്‍സ് കോഴിക്കോട് സര്‍വീസ് നടത്തിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article