ബെംഗളുരുവില്‍ വന്‍ മയക്ക്മരുന്ന് വേട്ട; മലയാളിയടക്കം 17 പേര്‍ പിടിയില്‍

News Desk
1 Min Read

ബെംഗളൂരു: കര്‍ണാടക പോലീസും നാര്‍ക്കോട്ടിക്‌സ് വിഭാഗവും ബെംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് സംഘം പിടിയിലായി. പരിശോധനയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തെന്നും ഒരു മലയാളിയും മൂന്ന് നൈജീരിയന്‍ സ്വദേശികളും ഉള്‍പ്പെടെ 17 പേരെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് അറിയിച്ചു.

എച്ച്ബിആര്‍ ലേഔട്ടില്‍ വെച്ച് ലഹരിവില്‍പ്പന നടത്തുന്നതിനിടെയാണ് മലയാളി മുഹമ്മദ് ഒമറുള്ള ഫാറൂഖ് പിടിയിലാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടി രൂപ വിലവരുന്ന രണ്ട് കിലോ ഹൈഡ്രോ കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഇയാള്‍ക്കൊപ്പം ഹാരിസ് എന്ന മറ്റൊരു യുവാവും പിടിയിലായിട്ടുണ്ടെങ്കിലും ഇയാള്‍ മലയാളിയാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഇതിന് പുറമേ മഡിവാള, രാജാജി നഗര്‍, തിലക് നഗര്‍, വൈറ്റ്ഫീല്‍ഡ്, സുബ്രഹ്മണ്യ നഗര്‍, യെശ്വന്ത്പൂര്‍ എന്നിവിടങ്ങളിലെ പരിശോധനകളിലും മയക്കുമരുന്ന് കണ്ടെടുത്തു. ഇവിടെ മൂന്ന് നൈജീരിയന്‍ സ്വദേശികളില്‍ നിന്നായി 21 കോടി രൂപ വില വരുന്ന 10 കിലോ എംഡിഎംഎ പിടിച്ചെടുത്തു. വീട് വാടകയ്‌ക്കെടുത്ത് ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ഇവര്‍ ലഹരി വിതരണം ചെയ്തിരുന്നത്.

..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article