ബോട്ട് യാത്ര ഉൾപ്പെടെ കടലിലെ എല്ലാ യാത്രാ – വിനോദ പരിപാടികളും താൽകാലികമായി ഖത്തർ വിലക്കി. സുരക്ഷ മുൻനിർത്തിയാണു കടലിൽ ഇറങ്ങരുതെന്ന നിർദേശം നൽകിയിരിക്കുന്നത്. രാജ്യാന്തര ചരക്ക് കപ്പലുകൾക്കു നിരോധനമില്ല. കഴിഞ്ഞ ദിവസം ബോട്ടിൽ മിസൈൽ ഭാഗങ്ങൾ പതിച്ച് ഖത്തർ പൗരൻ മരിച്ചിരുന്നു. ഇറാന്റെ മിസൈൽ ഭാഗങ്ങളാണോ ബോട്ടിൽ പതിച്ചതെന്നതിൽ സ്ഥിരീകരണമില്ല.
ഇറാനുമായി ഖത്തറിൽ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടക്കുകയെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇക്കാര്യം നിഷേധിച്ച് ഇറാൻ രംഗത്തെത്തി. വരും ദിവസങ്ങളിലൊന്നും യുഎസുമായി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി പറഞ്ഞു.
ദക്ഷിണ ലെബനനിലെ മജ്ദൽ സൗൺ ഗ്രാമത്തിൽ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന ഭൂഗർഭ കേന്ദ്രം ഇസ്രയേൽ സൈന്യം വ്യോമാക്രമണത്തിൽ തകർത്തതായി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും അറിയിച്ചു. ഏകദേശം 200 മീറ്റർ നീളമുള്ള തുരങ്കമാണ് ആക്രമണത്തിൽ തകർന്നത്. നൂറുകണക്കിന് ആയുധങ്ങളും റോക്കറ്റ് ലോഞ്ചറുകളും തുരങ്കത്തിനുള്ളിലുണ്ടായിരുന്നുവെന്നാണ് ഇസ്രയേൽ പറയുന്നത്. ആക്രമണത്തിന് മുൻപ് യുഎസിനെ വിവരം അറിയിച്ചിരുന്നുവെന്നും ഇസ്രയേൽ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി മൂന്നുദിവസമായി ഇറാനും യുഎസും നടത്തിയ വെടിനിർത്തൽ ലംഘനം അവസാനിപ്പിക്കാൻ ധാരണയായെന്ന് റിപ്പോർട്ട്. പരസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. അന്തിമ കരാറിലെത്തുന്നത് സംബന്ധിച്ച് ഈയാഴ്ച ഖത്തറിൽവച്ച് ചർച്ച തുടരുമെന്നും യുഎസിന്റെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ആക്സിയോസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഗൾഫ് മേഖലയിൽ സംഘർഷം ശക്തമാക്കി, കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം. കുവൈത്തിലെ അലി അൽ സാലം വ്യോമസേനാ താവളത്തിനും മനാമയിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിനും നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. അഞ്ച് ഇറാനിയൻ തീരദേശ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് പകരമായാണ് ഈ നടപടിയെന്ന് ഐആർജിസി വ്യക്തമാക്കി. അതേസമയം, വ്യോമാതിർത്തിയിലെ ഭീഷണികളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിടുകയാണെന്ന് കുവൈത്ത് സായുധ സേന അറിയിച്ചു.
യുഎസ് സൈന്യം തങ്ങളുടെ ‘ജോലി തീർക്കാൻ’ നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ പ്രതികരണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
