ഈ തിരിച്ചുവരവിന് സമാനതകളില്ല, ഇരമ്പിയാർത്ത ഹൂസ്റ്റണിൽ ഒറ്റപ്പേര് മാത്രം മുഴങ്ങി, “ക്രിസ്റ്റ്യാനോ റൊണാൾഡോ”

News Desk
4 Min Read

ആഞ്ഞടിച്ചുവരുന്ന കടൽത്തിരകളെ അനായാസം മറികടക്കുന്ന നാവികരെപ്പോലെ സമ്മർദങ്ങളുടെ കൊടിമുടിയിൽ നിന്ന് അയാൾ ആ ടീമിനെയും കൊണ്ട് ലോകവേദിയിൽ മുന്നോട്ടേക്ക് കുതിക്കുന്നു. ഈ തിരിച്ചുവരവിന് സമാനതകളില്ല. ഹൂസ്റ്റണിൽ പോർച്ചുഗൽ തേരോട്ടത്തിൽ മതിമറന്ന് ഇരമ്പിയാർത്ത ഹൂസ്റ്റണിൽ ഒറ്റപ്പേര് മാത്രം മുഴങ്ങി, ക്രിസ്റ്റ്യാനോ റൊണാൾഡോ. രണ്ടടിച്ച് കളിക്കമ്പക്കാരുടെ മനം നിറച്ച് ആ ഏഴാം നമ്പറുകാരൻ ചോദിക്കുന്നു… വിമർശകരേ, ഞാൻ തിരിച്ചുവരില്ലെന്ന് കരുതിയോ?

കോംഗോയ്‌ക്കെതിരേ കണ്ട പോർച്ചുഗലിനെയും റൊണാൾഡോയേയും ആയിരുന്നില്ല ഉസ്‌ബെക്കിസ്താനെതിരേ മൈതാനത്ത് കാണാനായത്. താരങ്ങളുടെ കളിയിൽ മാത്രമല്ല, മനോഭാവത്തിലും അടിമുടി മാറ്റം പ്രകടമായിരുന്നു. കടലാസിലെ പുലികൾ മൈതാനത്ത് നിരായുധരാകുന്നുവെന്ന വിമർശനങ്ങൾക്ക് ആറാം മിനിറ്റിൽ തന്നെ മറുപടി. അതും സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നുതന്നെ. പന്തുകിട്ടാതെ അലയുന്നുവെന്ന കുറ്റപ്പെടുത്തലുകൾക്കും ഇനിയൊരു തിരിച്ചുവരവില്ലെന്ന അടക്കംപറച്ചിലുകൾക്കും മൈതാനത്ത് ഒറ്റഷോട്ടുകൊണ്ട് അയാൾ മറുപടി നൽകി.

ഉസ്‌ബെക്കിസ്താനെതിരേ ആറാം മിനിറ്റിലാണ് റൊണാൾഡോ ആദ്യം വലകുലുക്കിയത്. വലതുവിങ്ങിൽ നിന്ന് ജാവോ കാൻസലോ നൽകിയ ക്രോസ്സ് തകർപ്പൻ ഷോട്ടിലൂടെ റൊണാൾഡോ ഗോളാക്കി മാറ്റി. ഉസ്‌ബെക്കിസ്താൻ ഗോളിക്ക് കാഴ്ചക്കാരനായി നിൽക്കാനേ സാധിച്ചുള്ളൂ. അതോടെ ആറുലോകകപ്പുകളിലും ഗോൾ നേടുന്ന താരമെന്ന റെക്കോഡ് താരം സ്വന്തമാക്കി. ഈ ലോകകപ്പിലെ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോളാണിത്.

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോൾ സ്‌കോററാണ് റോണോ. 41 വയസ്സും 138 ദിവസവുമാണ് താരത്തിന്റെ പ്രായം. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്‌കോറർ മുൻ കാമറൂൺ താരം റോജർ മില്ലയാണ്. 42 വയസ്സും 39 ദിവസവുമാണ് 1994 ലോകകപ്പിൽ ഗോൾ നേടുമ്പോൾ റോജർ മില്ലയുടെ പ്രായം. അമേരിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ റഷ്യക്കെതിരേയാണ് റോജർ മില്ല റെക്കോഡ് ഗോൾ നേടിയത്.

അവിടെയും തീർന്നില്ല. ഉസ്ബെക്കിസ്താന്റെ പ്രതിരോധത്തെ ആടിയുലച്ച മുന്നേറ്റങ്ങൾ പിന്നേയും പിറന്നു. ബെർണാഡോ സിൽവയ്ക്ക് പകരം ജാവോ ഫെലിക്സിനെ ആദ്യപതിനൊന്നിൽ കൊണ്ടുവന്ന റോബർട്ടോ മാർട്ടിനസിന്റെ നീക്കം ഫലിച്ചു. കിടിലൻ ഡ്രബ്ലിങ്ങുകളും ഷോട്ടുകളുമായി ഫെലിക്‌സ് മിന്നി. അതോടെ പോർച്ചുഗീസ് സംഘം ഉണർന്നുകളിച്ചു. 17-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് ന്യൂനോ മെൻഡിസ് ടീമിന്റെ ലീഡുയർത്തി. ഉസ്ബെക്ക് കോച്ച് ഫാബിയോ കന്നവാരോ ഒരുക്കിനിർത്തിയ പ്രതിരോധക്കോട്ട തരിപ്പണമായി.

മൂന്ന് സെന്റർബാക്കുകളെ നിയോഗിച്ച് റോണോയും സംഘത്തേയും പൂട്ടാമെന്ന കണക്കുകൂട്ടലുകളൊക്കെ തുടക്കത്തിൽ തന്നെ പാളി. പിന്നീടങ്ങോട്ട് പോർച്ചുഗീസ് നിരയുടെ നിലയ്ക്കാത്ത മുന്നേറ്റങ്ങളായിരുന്നു. കിട്ടിയ അവസരങ്ങളിൽ ഉസ്ബെക്കിസ്താനും കൗണ്ടർ അറ്റാക്കുകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് പോർച്ചുഗൽ വീണ്ടും വലകുലുക്കി. ഗോൾ സ്കോറർ മറ്റാരുമായിരുന്നില്ല. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. പോർച്ചുഗലിന്റെ കിടിലൻ കൗണ്ടർ അറ്റാക്കിനൊടുക്കമാണ് ഗോൾ പിറന്നത്. ബ്രൂണോ ഫെർണാണ്ടസ് നൽകിയ ത്രൂപാസ് ഉസ്‌ബെക്ക് പ്രതിരോധം മറികടന്ന് ബോക്‌സിലേക്ക്. ക്രിസ്റ്റിയാനോയുടെ കാലിലെത്തിയ പന്ത് ഉഗ്രൻ ഷോട്ടിലൂടെ വലയിലേക്ക്. 39-ാം മിനിറ്റിലും ഗോളടിച്ചതോടെ മറ്റൊരു റെക്കോഡും ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തമായി. ലോകകപ്പിൽ പോർച്ചുഗലിനായി കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. ഇതിഹാസതാരം യുസേബിയോയെ ആണ് മറികടന്നത്.

എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനോ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാകുന്നത് എന്നതിന് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഈ ഗോൾ. ഒരു ക്ലിനിക്കൽ ഫിനിഷ്. ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ ഗോൾ പോസ്റ്റിന്റെ മൂലയിലേക്ക് കൃത്യം അളന്നുമുറിച്ചാണ് റോണോ പന്ത് അടിച്ചുകയറ്റിയത്. ഇങ്ങനെ ഫിനിഷ് ചെയ്യാൻ ലോകത്തിൽ അപൂർവം സ്‌ട്രൈക്കർമാർക്കേ സാധിക്കുകയുള്ളൂ. ഗോൾ സ്‌കോറിങ്ങിലെ തന്റെ മികവ് ഒട്ടും ചോർന്നിട്ടില്ലെന്ന് അടിവരയിടുന്നു ക്രിസ്റ്റ്യാനോ. അവിടെ ഉസ്‌ബെക്ക് പ്രതിരോധത്തിന് അടിയറവ് പറയാതെ മറ്റുമാർഗമൊന്നുമുണ്ടായിരുന്നില്ല.

രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങളോടെയാണ് പോർച്ചുഗൽ കളത്തിലിറങ്ങിയത്. പെഡ്രോ നെറ്റോക്ക് പകരം ഫ്രാൻസിസ്‌കോ കോൺസെയിസാവോയും ജാവോ കാൻസലോക്ക് പകരം നെൽസൺ സെമഡോയും ഇറങ്ങി. പോർച്ചുഗീസ് മുന്നേറ്റങ്ങൾ ചുക്കാൻപിടിച്ച മാറ്റങ്ങൾ. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ നാലാം ഗോളും വന്നു.

ഉസ്‌ബെക്ക് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുക്കം പിറന്ന സെൽഫ് ഗോൾ പോർച്ചുഗലിന് നേട്ടമായി. ഉസ്‌ബെക്കിസ്താൻ താരം നെമാറ്റോവാണ് സെൽഫ് ഗോളടിച്ചത്. അതോടെ ഉസ്‌ബെക്കിസ്താന്റെ എല്ലാ സാധ്യതകളും അടഞ്ഞു. അവസാനമിനിഷം റാഫേൽ ലിയാവോയും ഗോൾ‍ സ്കോറർമാരുടെ പട്ടികയിൽ ഇടംപിടിച്ചതോടെ പതനം പൂർണം.

പോർച്ചുഗലിന്റേത് മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉഗ്രൻ തിരിച്ചുവരവിന് കൂടിയാണ് ഹൂസ്റ്റൺ സാക്ഷിയായത്. കഴിഞ്ഞ മത്സരത്തിൽ കേട്ട എല്ലാ വിമർശനങ്ങളുടെയും മുനയൊടിക്കാൻ ക്രിസ്റ്റ്യോനോയ്ക്ക് സാധിച്ചു. പോർച്ചുഗലിനായി നിരാശപ്പെടുത്തുന്നുവെന്നും സഹതാരങ്ങളുമായി ചേർന്നുപോകുന്നില്ലെന്നും വെറുതെ അലഞ്ഞുതിരിയുന്നുവെന്നുമടക്കം ക്രിസ്റ്റ്യാനോ കേൾക്കാത്ത കുറ്റപ്പെടുത്തലുകളില്ല. കഴിഞ്ഞ മത്സരത്തിൽ വെറും 25 ടച്ചുകൾ മാത്രമാണ് താരത്തിന് നേടാനായത്. മൂന്ന് ഷോട്ടുകൾ. പോസ്റ്റിലേക്ക് ഒറ്റ ഷോട്ടുമുണ്ടായിരുന്നില്ല. എന്നാൽ ഇതിഹാസങ്ങളെ എഴുതിത്തള്ളാനാവില്ലെന്നും എന്തുകൊണ്ടാണ് താൻ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാവുന്നതെന്നും അയാൾ ഈ ഒരൊറ്റ മത്സരം കൊണ്ട് കാണിച്ചുതന്നു. എണ്ണം പറഞ്ഞ ആ രണ്ട് ഗോളുകൾ മാത്രം മതി ആരാധകർക്ക് ഇനിയങ്ങോട്ട് പ്രതീക്ഷ നൽകാൻ. ആരാധകർ സ്വപ്നങ്ങൾ നെയ്തുതുടങ്ങുകയാണ്. ക്രിസ്റ്റ്യാനോ ആ സ്വപ്നങ്ങൾക്ക് കരുത്തുപകരുമെന്ന വിശ്വാസത്തോടെ….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!