കുഴൽമന്ദം: അയൽവാസികൾ തമ്മിലെ തർക്കത്തെ തുടർന്ന് യുവാവിനെ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കോട്ടായി പൊലീസ് അറസ്റ്റ്ചെയ്തു. അറസ്റ്റിലായ മാത്തൂർ ആനിക്കോട് ചേരിങ്കൽ വീട്ടിൽ രമേഷി(49)നെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മാത്തൂർ കരിയാങ്കോട് ആനിക്കോട് ചേരിങ്കൽ വീട്ടിൽ സതീഷ് കുമാറിനെ (43) ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ഞായറാഴ്ച രാവിലെ പത്തിന് ആനിക്കോട് ചേരിങ്കിലാണ് സംഭവം. സതീഷ്കുമാർ പക്ഷാഘാതം ബാധിച്ച് കിടപ്പിലായ അയൽവാസി രതീഷിനെക്കണ്ട് മടങ്ങുമ്പോൾ രതീഷിന്റെ സഹോദരൻ രമേഷ് ആക്രമിച്ച് ആസിഡ് ഒഴിക്കുകയായിരുന്നു. രമേഷിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
രതീഷിനെ ചികിത്സയ്ക്ക് സഹായിക്കുന്നത് സതീഷാണ്. രതീഷിനെ പരിചരിക്കുന്ന അമ്മയുടെ സഹോദരി സുലോചനയെ രണ്ടുമാസം മുമ്പ് രമേഷ് മർദിച്ചു. ഇത് ചോദ്യം ചെയ്ത രതീഷിനെയും രമേഷ് മർദിച്ചിരുന്നു. പരാതിയിൽ കോട്ടായി പൊലീസ് രമേഷിനെ ചോദ്യം ചെയ്തു. ഇതിനുപിന്നിൽ സതീഷാണ് എന്ന വിരോധമാണ് പ്രകോപന കാരണം. തലയിലും പുറത്തും ഇടതുകൈയിലും ഗുരുതരമായി പൊള്ളലേറ്റ സതീഷ് അപകടനില തരണം ചെയ്തു. മാത്തൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗവും ബിജെപി നേതാവുമായ പ്രിൻസിയുടെ ഭർത്താവായ രജീഷിന്റെ സഹോദരങ്ങളാണ് രമേഷും രതീഷും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
