ക്രിക്കറ്റ് കളിക്കിടെ പന്ത് യുവതിയുടെ ദേഹത്ത് തട്ടി; വിദ്യാർഥികളെ കെട്ടിയിട്ട് ചെരിപ്പ് കൊണ്ട് തല്ലിച്ചതച്ച് നാട്ടുകാർ

News Desk
1 Min Read

കർണാടക: ക്രിക്കറ്റ് കളിക്കുന്നതിനിടെ അബദ്ധത്തിൽ പന്ത് യുവതിയുടെ ദേഹത്ത് തട്ടിയതിന് 2 വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ചെന്ന് ആരോപണം. കർണാടകയിലെ ബാഗൽകോട്ടിലാണ് ക്രൂര സംഭവം. പന്ത് ദേഹത്തു കൊണ്ടെന്ന് യുവതി പറഞ്ഞതോടെ നാട്ടുകാരിൽ ചിലർ കുട്ടികളെ പിടിച്ച് കയർ ഉപയോഗിച്ച് സ്കൂളിലെ ജനാലകളിൽ കെട്ടിയിട്ട് ചെരിപ്പ് കൊണ്ട് മർദിക്കുകയായിരുന്നു.

സംഭവത്തിൽ സമീപവാസികളായ 3 പേർ പിടിയിലായി. ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടികളെ മർദിക്കുന്നതു കണ്ട മറ്റു ചില നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയതും വിവരം പൊലീസിൽ അറിയിച്ചതും.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടികൾക്കെതിരായ അക്രമങ്ങളെ കർശനമായിത്തന്നെ നേരിടുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article