മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നവംബർ 9 മുതൽ 11 വരെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങൾ, ടെറസുകൾ, മരച്ചുവടുകൾ എന്നിവിടങ്ങളിൽ നിൽക്കരുത്.

ഇടിമിന്നൽ സമയത്ത് വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടണം. വൈദ്യുതോപകരണങ്ങളുടെ പ്ലഗുകൾ ഊരിമാറ്റുകയും അവയുടെ ഉപയോഗം ഒഴിവാക്കുകയും വേണം. ലാൻഡ്‌ഫോൺ ഉപയോഗിക്കരുത്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് തടസ്സമില്ല. കുളിക്കുന്നതും പൈപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം.

മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ കാലാവസ്ഥാ മാറ്റം ശ്രദ്ധിക്കണം. ഇടിമിന്നൽ സാധ്യത കണ്ടാൽ ഉടൻ സുരക്ഷിതമായ സ്ഥലത്തേക് മാറണം. ബൈക്ക്, സൈക്കിൾ, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലെ യാത്രയും ഇടിമിന്നലുള്ളപ്പോൾ ഒഴിവാക്കണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!