ഗൂഗിൾ മാപ്പ് ചതിച്ചു; പരീക്ഷാ കേന്ദ്രത്തിലെത്താനാകാതെ വിദ്യാർഥികൾ, നീറ്റ് എഴുതാനായില്ല

News Desk
1 Min Read

മൊറാദാബാദ്: ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചതോടെ നീറ്റ് പരീക്ഷയെഴുതാനാകാതെ വിദ്യാർഥികൾ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ഗൂഗിൾ മാപ്പിൽ തെറ്റായ ലൊക്കേഷൻ കാണിച്ചതിനെ തുടർന്ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായത്.

ആർ.എൻ.ഇന്റർ കോളജിലേക്ക് ഗൂഗിൾ മാപ്പിൽ തെറ്റായ ലൊക്കേഷനാണ് കാണിച്ചതെന്നും മാപ്പ് നോക്കി പോയതോടെ ശരിയായ സ്ഥലത്തെത്താൻ വൈകിയെന്നും പരീക്ഷയെഴുതാൻ കഴിഞ്ഞില്ലെന്നും സംഭൽ സ്വദേശിയായ ഫൈസാൻ അലി പറഞ്ഞു. ‘‘ആർ.എൻ. ഇന്റർ കോളജിന്റെ ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ തെറ്റായാണ് കാണിച്ചത്. മാപ്പ് നോക്കി പോയ ഞങ്ങൾ മറ്റൊരു സ്ഥലത്താണ് എത്തിയത്. അവിടെ നിന്ന് തിരിച്ച് ശരിയായ പരീക്ഷാകേന്ദ്രത്തിലെത്തുമ്പോഴേക്കും റിപ്പോർ‌ട്ടിങ് സമയം കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാൽ പരീക്ഷാഹാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു’’– ഫൈസാൻ പറഞ്ഞു.

മകൻ ഏറെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നെന്നും അവനിൽ കുടുംബത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും ഫൈസാന്റെ പിതാവ് ഇക്രാം പറഞ്ഞു. ഈ സാങ്കേതിക പിഴവ് മകന്റെ ഒരു അക്കാദമിക് വർഷം തന്നെ നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാർഥക് എന്ന മറ്റൊരു വിദ്യാർഥിയും ഗൂഗിൾ മാപ്പിൽ തെറ്റായ ലൊക്കേഷൻ കാണിച്ചതു കാരണം പരീക്ഷാകേന്ദ്രത്തിലെത്താൻ വൈകിയതായി റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ടിങ് സമയം കഴിഞ്ഞതിനാൽ ഈ കുട്ടിക്കും പരീക്ഷാഹാളിൽ പ്രവേശനം അനുവദിച്ചില്ല.

സംഭവം അറിഞ്ഞതിനു പിന്നാലെ ഉദ്യോഗസ്ഥർ വിദ്യാർഥികളുമായും അവരുടെ കുടുംബങ്ങളുമായും സംസാരിച്ചു. സാങ്കേതിക തകരാറുകൾ കാരണം വിദ്യാർഥികൾക്ക് നഷ്ടം സഹിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article