വാഷിങ്ടൻ: ന്യൂയോർക്കിൽ വർഷങ്ങൾക്ക് മുൻപ് പൂട്ടിപ്പോയ പ്രമുഖ സ്വകാര്യ ബോർഡിങ് വിദ്യാലയമായ ഫാമിലി ഫൗണ്ടേഷൻ സ്കൂളിൽ വിദ്യാർഥികൾ ക്രൂര പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരകളായതായി വെളിപ്പെടുത്തൽ. കുട്ടികളെ കൊണ്ട് സ്വന്തം ഛർദ്ദി നിർബന്ധിച്ച് തീറ്റിക്കുക, വിവസ്ത്രരാക്കി പരിശോധിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്കൂളിലെ മുൻ വിദ്യാർഥി കോടതിയിൽ നൽകിയ രേഖകളിൽ ഉള്ളത്. വർഷത്തിൽ 80,000 ഡോളർ (ഏകദേശം 75.50 ലക്ഷം രൂപ) വരെ ഫീസ് ഈടാക്കിയിരുന്ന ഈ സ്കൂൾ, അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലെ ഹാൻകോക്ക് എന്ന ചെറിയ ഗ്രാമത്തിലാണ് പ്രവർത്തിച്ചിരുന്നത്. വിവിധ പരാതികളെ തുടർന്ന് 2014ലാണ് സ്കൂൾ പൂട്ടിയത്.
സ്കൂളിനെതിരെ 10 മില്യൻ ഡോളറിന്റെ (ഏകദേശം 83 കോടി രൂപ) നഷ്ടപരിഹാരക്കേസാണ് മുൻ വിദ്യാർഥി ഫയൽ ചെയ്തിരിക്കുന്നത്. 2000 മുതൽ 2003 വരെയുള്ള കാലയളവിൽ സ്കൂളിൽ പഠിച്ച വിദ്യാർഥിയാണ് നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്കൂളിലെത്തുന്ന കുട്ടികളെ ആദ്യദിവസം തന്നെ വസ്ത്രങ്ങളഴിച്ച് പരിശോധിക്കുമായിരുന്നു. അധ്യാപകർ ഉൾപ്പെട്ട ലൈംഗിക സ്വഭാവമുള്ള കൂട്ടായ്മകളിൽ പങ്കെടുക്കാൻ കുട്ടികളെ നിർബന്ധിച്ചിരുന്നു. സ്കൂളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന കുട്ടികളെ വേട്ടനായ്ക്കളെ ഉപയോഗിച്ച് പിന്തുടർന്ന് പിടികൂടും. ചില വിദ്യാർഥികളെ വലിയ പരവതാനികൾക്കുള്ളിൽ ചുരുട്ടി ടേപ്പ് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി ക്രൂരമായി ശിക്ഷിച്ചിരുന്നതായും ഹർജിയിൽ പറയുന്നു.
സ്കൂളിലെ സംഗീത അധ്യാപകനായ പോൾ ഗീർ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും യുവാവ് വെളിപ്പെടുത്തി. കാനഡയിലെ ടൊറന്റോയിലേക്ക് നടത്തിയ ഗായകസംഘത്തിന്റെ യാത്രയ്ക്കിടയിലായിരുന്നു പീഡനം. സംഭവത്തിൽ അധ്യാപകനായ പോൾ ഗീറിനെ കോടതി 27 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. സ്കൂൾ ഉടമകളായ മൈക്കൽ, സിൻഡി അർഗിറോസ് എന്നിവരുടെ സ്വന്തം ആവശ്യങ്ങൾക്കായി വിദ്യാർഥികളെ ശമ്പളമില്ലാത്ത തൊഴിലാളികളായി ഉപയോഗിച്ചിരുന്നു. എസ്റ്റേറ്റിൽ കുഴികൾ വെട്ടുക, മഞ്ഞ് മാറ്റുക, പന്നിത്തൊഴുത്തുകളും മൃഗശാലകളും വൃത്തിയാക്കുക, ഇവരുടെ സ്വകാര്യ വീടിന്റെ നിർമാണ ജോലികൾ ചെയ്യുക എന്നിവ കുട്ടികളെക്കൊണ്ട് നിർബന്ധപൂർവ്വം ചെയ്യിപ്പിച്ചു. കൂടാതെ ഇവർക്കായി ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും കുട്ടികൾ നിർബന്ധിതരായി.
കുട്ടികളെ സ്കൂളിൽ ചേർക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കുകയും ചില മാതാപിതാക്കളിൽ നിന്ന് കുട്ടികളുടെ നിയമപരമായ രക്ഷാകർതൃത്വം സ്കൂൾ ഉടമകൾ കൈക്കലാക്കുകയും ചെയ്തിരുന്നു. അധ്യാപനത്തിലോ കൗൺസിലിങ്ങിലോ യാതൊരുവിധ പ്രഫഷനൽ യോഗ്യതയുമില്ലാത്ത ആളുകളാണ് സ്കൂൾ നടത്തിയിരുന്നത്. സ്കൂളിൽ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ സ്കൂൾ ഉടമയായ അർഗിറോസ് നിഷേധിച്ചു. സ്കൂൾ പ്രവർത്തിച്ചിരുന്ന കാലയളവിൽ പീഡനങ്ങളെക്കുറിച്ചുള്ള യാതൊരു പരാതികളും തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് അദ്ദേഹം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
