ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡ‍ിപ്പിച്ചു; മദ്യലഹരിയിൽ ചെയ്തതെന്ന് പതിനാലുകാരൻ

malayalampress
1 Min Read

ലക്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ ഗ്രാമത്തിലെ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനാലുകാരനായ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് താൻ മദ്യലഹരിയിലായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം കുടുംബം അറിഞ്ഞത്. തുടർന്ന് ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ, വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള പാടത്ത് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനു നേരെ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. മറ്റ് ഫൊറൻസിക്, മെഡിക്കൽ പരിശോധനകളുടെ ഫലങ്ങൾ കൂടി ഇനി ലഭിക്കാനുണ്ട്. ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും പ്രദേശവാസികളെ ചോദ്യം ചെയ്തതുമാണു കേസിൽ നിർണായക വഴിത്തിരിവായത്. തുടർന്ന് കഴിഞ്ഞ ആഴ്ച മാത്രം ഗ്രാമത്തിൽ തിരിച്ചെത്തിയ പതിനാലുകാരനായ ബന്ധുവിലേക്ക് അന്വേഷണം നീളുകയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അമ്മയുടെ അരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ താൻ തന്നെയാണ് എടുത്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി ഗോരഖ്പൂർ അഡീഷനൽ പൊലീസ് സൂപ്രണ്ട് പാട്ടീൽ നിമിഷ് ദശരഥ് പറഞ്ഞു. സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും മദ്യത്തിന്റെ സ്വാധീനത്തിലാണ് കുറ്റം ചെയ്തതെന്നുമാണ് പ്രതി പറയുന്നത്. കുഞ്ഞിനെ പീഡിപ്പിച്ച ശേഷം പാടത്ത് ഉപേക്ഷിച്ച് ഇയാൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

രാവിലെ കുഞ്ഞിനായുള്ള തിരച്ചിലിൽ പ്രതിയും പങ്കുചേർന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. പിടിയിലായ കൗമാരക്കാരനെ തുടർനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും. മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി അശ്ലീല വിഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്നും, ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article