പ്രശസ്ത ഹോളിവുഡ് താരം ജിയാന്‍കാര്‍ലോ എസ്‌പോസിറ്റോ ഇസ്‌ലാം മതം സ്വീകരിച്ചു

malayalampress
1 Min Read

റിയാദ്: പ്രശസ്ത ഹോളിവുഡ് നടന്‍ ജിയാന്‍കാര്‍ലോ എസ്‌പോസിറ്റോ ഇസ്‌ലാം മതം (Giancarlo Esposito converts to Islam) സ്വീകരിച്ചു. ‘ബ്രേക്കിംഗ് ബാഡ്’ എന്ന ടെലിവിഷന്‍ പരമ്പരയിലെ ‘ഗസ് ഫ്രിംഗ്’ എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ താരം, സഊദിയില്‍ വെച്ചാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നതെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ഷെയ്ഖ് അറിയിച്ചു.

സഊദിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു 68 കാരനായ താരം. രാജ്യത്തെ മുസ്‌ലിം സഹപ്രവര്‍ത്തകരുമായുള്ള ഇടപെടലുകളും തനിക്ക് ലഭിച്ച സ്വീകരണവും തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചതായി എസ്‌പോസിറ്റോ വ്യക്തമാക്കിയതായും അല്‍ഷെയ്ഖ് കൂട്ടിച്ചേര്‍ത്തു.

എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമിലൂടെയാണ് തുര്‍ക്കി അല്‍ഷെയ്ഖ് ഇക്കാര്യം പങ്കുവെച്ചത്. താരം ‘ശഹാദ’ (ഇസ്‌ലാമിക വിശ്വാസ പ്രഖ്യാപനം) ചൊല്ലുന്നതും, തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകരോടൊപ്പം പള്ളിയില്‍ വെച്ച് പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നതുമായ വീഡിയോ അദ്ദേഹം പുറത്തുവിട്ടു. സഊദിയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ‘സെവന്‍ ഡോഗ്‌സ്’ (7 Dogs) എന്ന ആക്ഷന്‍ സിനിമയുടെ ചിത്രീകരണത്തിനായാണ് താരം ഇപ്പോള്‍ രാജ്യത്തുള്ളത്.

‘ബ്രേക്കിംഗ് ബാഡ്’, ‘ബെറ്റര്‍ കോള്‍ സാള്‍’, ‘ദ മണ്ടലോറിയന്‍’, ‘ദ ബോയ്‌സ്’ തുടങ്ങിയ ഹിറ്റ് പരമ്പരകളിലെ വേഷങ്ങളിലൂടെ ഹോളിവുഡിലെ കരുത്തുറ്റ സാന്നിധ്യമാണ് ജിയാന്‍കാര്‍ലോ എസ്‌പോസിറ്റോ. നാല് പതിറ്റാണ്ടിലേറെയായി സിനിമ, ടെലിവിഷന്‍, നാടക രംഗങ്ങളില്‍ സജീവമാണ് അദ്ദേഹം.

വിനോദസഞ്ചാരസിനിമ മേഖലകളില്‍ സഊദി അറേബ്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വലിയ വളര്‍ച്ചയുടെ ഭാഗമായി നിരവധി അന്താരാഷ്ട്ര പ്രൊഡക്ഷനുകളാണ് ഇപ്പോള്‍ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വീഡിയോകൾ കാണാം 👇

വീഡിയോ 1

വീഡിയോ 2

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article