ഗൾഫിൽ ഒരുമിച്ച് ജോലി, ഗർഭിണിയായതോടെ മുങ്ങിയ മലയാളി യുവാവിനെ തപ്പി യുവതി നാട്ടിലെത്തി, ഗത്യന്തരമില്ലാതെ വിദേശ യുവതി ആത്മഹത്യക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ

malayalampress
1 Min Read
  • എയർപോർട്ടിൽ ഇറങ്ങിയ യുവതി ടാക്സിയിൽ കഠിനംകുളത്തെ യുവാവിന്റെ വീട്ടിലെത്തിയെങ്കിലും യുവതിയെ കാണാൻ വീട്ടുകാരോ യുവാവോ കൂട്ടാക്കിയില്ല. തുടർന്ന് തിരുവനന്തപുരത്തെ ഹോട്ടലിൽ റൂമെടുത്ത യുവതി ഇന്ന് വൈകിട്ടോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു

തിരുവനന്തപുരം: അബുദാബിയിൽ ഒരുമിച്ച് ജോലി. യുവതി ഗർഭിണിയായ ശേഷം യുവാവ് നാട്ടിലേക്ക് കടന്നു കളഞ്ഞു.യുവാവിനെ തേടി തലസ്ഥാനത്ത് എത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു.ശ്രീലങ്കൻ സ്വദേശിനിയാണ് അമിതഡോസിൽ പാരസെറ്റമോൾ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ശ്രീലങ്കൻ യുവതി കഠിനംകുളം സ്വദേശിയായ യുവാവിനെ അന്വേഷിച്ച് തിരുവനന്തപുരത്ത് എത്തിയത്.

എയർപോർട്ടിൽ ഇറങ്ങിയ യുവതി ടാക്സിയിൽ കഠിനംകുളത്തെ യുവാവിന്റെ വീട്ടിലെത്തിയെങ്കിലും യുവതിയെ കാണാൻ വീട്ടുകാരോ യുവാവോ കൂട്ടാക്കിയില്ല.തുടർന്ന് തിരുവനന്തപുരത്തെ ഹോട്ടലിൽ റൂമെടുത്ത യുവതി ഇന്ന് വൈകിട്ടോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഹോട്ടലുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ച് വിവരം പൊലീസിനോട് പറഞ്ഞത്. ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്.

അബുദാബിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന കഠിനംകുളം സ്വദേശിയായ യുവാവും ശ്രീലങ്ക സ്വദേശിനിയും തമ്മിൽ പ്രണയത്തിലായിരുന്നു. യുവതി ഗർഭിണിയായ ശേഷം യുവാവ് നാട്ടിലേക്ക് കടന്നു കളഞ്ഞു. നാട്ടിലെത്തിയ യുവാവിനെ തേടി രണ്ടുതവണ യുവതി തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് യുവതിയുടെ ഗർഭച്ഛിദ്രം നടത്തി. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ യുവാവും കുടുംബവും ചേർന്ന് പിന്നീട് യുവതിയെ നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. പിന്നാലെ എത്തിക്കോളാം എന്ന് പറഞ്ഞാണ് യുവതിയെ യുവാവ് പറഞ്ഞുവിട്ടത്.

നാട്ടിലെത്തിയ യുവതി നിരവധി തവണ ഇയാളെ ഫോൺ ചെയ്തെങ്കിലും ഫോൺ എടുത്തിരുന്നില്ല തുടർന്നായിരുന്നു ഇന്നലെ യുവതി തലസ്ഥാനത്ത് എത്തിയത്. യുവതി കഠിനംകുളത്ത് വീട്ടിലെത്തിയെങ്കിലും ഇയാളെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് യുവാവിന്റെ ഭാര്യ ഇന്നലെ കഠിനംകുളം പൊലീസിൽ പരാതി നൽകുകയും ചെയ്തു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article