പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ മങ്ങുന്നു: ആക്രമണം തുടര്‍ന്ന് യു എസും ഇറാനും; ഉന്നം എണ്ണപ്പാടം

News Desk
2 Min Read

തെഹ്റാന്‍: പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ മങ്ങുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമിച്ച് യു എസും ഇറാനും. സമാധാന കരാറില്‍ എത്താന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ ആക്രമണം കടുപ്പിക്കുമെന്ന് യു എസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തു.

ശക്തമായ ആക്രമണം നടത്തുമെന്നും ഇറാന്റെ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഇറാന്റെ എണ്ണ- വാതക വിപണികളുടെ പൂര്‍ണനിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. ഈ മേഖലയിലൂടെയുള്ള എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെ എല്ലാ ഗതാഗതവും തടയുമെന്ന് ഇറാന്‍ അറിയിച്ചു.

ഹോര്‍മുസ് കടലിടുക്കിനു സമീപം യു എസിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ തെകര്‍ന്നുവീണതോടെയാണ് വീണ്ടും സംഘര്‍ഷം രൂക്ഷമായത്. ഇറാനിലെ വിവിധ നഗരങ്ങളില്‍ യു എസ് ആക്രമണം ശക്തമാക്കി. ഇറാന്റെ നിരീക്ഷണ സംവിധാനങ്ങള്‍, വാര്‍ത്താവിനിമയ ശൃംഖലകള്‍, വ്യോമപ്രതിരോധ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ബന്ദര്‍ അബ്ബാസ്, ഖ്വഷം ദ്വീപ്, സിരിക് തുറമുഖം, കരാജ് എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇറാന്റെ ഭാഗത്തു നിന്നുള്ള തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയായാണ് ആക്രമണമെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ മേഖലയിലെ യു എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പ്രത്യാക്രമണം നടത്തിയതെന്ന് ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (ഐ ആര്‍ ജി സി) അറിയിച്ചു. കുവൈത്ത്, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ 18 കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ബഹ്റൈനിലെ യു എസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയും ഇതില്‍ ഉള്‍പ്പെടും. ജോര്‍ദാനിലെ അല്‍ അസ്റഖ് യു എസ് എയര്‍ബേസ് ലക്ഷ്യമിട്ട് രണ്ടാം ദിവസം 18 ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളാണ് നടത്തിയതെന്ന് ഐ ആര്‍ ജി സി അറിയിച്ചു.

ഹോര്‍മുസ് അടച്ചെന്ന ഇറാന്റെ വാദം തള്ളിയ യു എസ് കടലിടുക്കിലൂടെ ഇപ്പോഴും വാണിജ്യ കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്ന് വ്യക്തമാക്കി. ഇറാന്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് തലസ്ഥാനമായ മനാമയിലും ഹമദ് നഗരത്തിലും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും 11 വയസ്സുകാരിക്ക് നിസ്സാര പരുക്കേറ്റതായും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കുവൈത്ത് വ്യോമപാത താത്കാലികമായി അടച്ചെങ്കിലും പിന്നീടു തുറന്നു.

പ്രാഥമിക കരാറിലെത്താനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് ഇറാന്‍ അധികൃതര്‍ പറയുന്നത്. മരവിപ്പിച്ച സ്വത്തുക്കളില്‍ ആറ്- 12 ബില്യന്‍ ഡോളര്‍ വിട്ടുകൊടുക്കണമെന്നാണ് ഇറാന്റെ ആവശ്യം. എന്നാല്‍, ഇതിന് യു എസ് തയ്യാറല്ലെന്നാണ് വിവരം. സമാധാന കരാറിലെത്തണമെങ്കില്‍ സായുധ സംഘമായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനാനില്‍ ഇസ്റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article