മലയാളികൾക്ക് മുരിങ്ങ സ്വന്തം ആവശ്യത്തിനായി വളർത്തുന്നതിനോ ഉപയോഗിക്കുന്നതിനോ യാതൊരു തടസ്സവുമില്ല. എന്നാൽ മുരിങ്ങ ഒരു ഭക്ഷണ പദാർഥമായി വിപണനം ചെയ്യാൻ സാധിക്കില്ല. ഉദാഹരണത്തിന്, മുരിങ്ങയുടെ എക്സ്ട്രാറ്റ് ഉപയോഗിച്ച് ഒരു കേക്ക് ഉണ്ടാക്കിയാൽ അത് വിൽക്കാൻ അനുവാദമില്ല.
ഇലയും പൂവും കായും തൊലിയും വേരുമടക്കം സർവഗുണസമ്പന്നമായ ഒരു സസ്യം. അതെ, വെൺമയാർന്ന പൂക്കളും, കാറ്റിൽ ഉലയുന്ന ഇലച്ചാർത്തുകളുമായി മലയാളിക്ക് മുരിങ്ങ വെറുമൊരു മരമല്ല, ഓർമകളുടെ പച്ചത്തുരുത്താണ്. അടുക്കളത്തോട്ടത്തിലെ ഈ ‘അദ്ഭുതമരം’ തലമുറകളായി നമ്മുടെ ആരോഗ്യത്തിന്റെ കാവലാളാണ്. എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട ഈ ‘സൂപ്പർഫൂഡിന്’ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയ.
മുരിങ്ങയില, മുരിങ്ങക്കായ, മുരിങ്ങയെണ്ണ എന്നിവ ഭക്ഷണമായോ ഭക്ഷ്യച്ചേരുവകളായോ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനുമാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഫൂഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസീലൻഡ് (FSANZ) 2026 ഏപ്രിൽ 8ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ്, മുരിങ്ങ വിപണിയിലെത്തിക്കാനുള്ള അപേക്ഷകൾ പൂർണമായി നിരസിച്ച് നിരോധനം നിലവിൽ വരുത്തിയത്.
ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുന്ന ഔദ്യോഗിക സ്ഥാപനമായ ഫൂഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസീലൻഡ് (എഫ്എസ്എഎൻസെഡ്) നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി. മുരിങ്ങ ഒരു ഭക്ഷ്യ ഉൽപന്നമെന്ന നിലയിൽ വിപണിയിലെത്തിക്കാൻ ആവശ്യമായ സുരക്ഷാ രേഖകളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ, എഫ്എസ്എഎൻസെഡ് മുരിങ്ങയെ ‘നോവൽ ഫൂഡ്’ (സുരക്ഷാ കാര്യങ്ങളിൽ കൃത്യമായ ഉറപ്പില്ലാത്ത പുതിയ തരം ഭക്ഷണം) വിഭാഗത്തിലാണ് തരംതിരിച്ചിരിക്കുന്നത്.
മുരിങ്ങയില (പച്ചയും ഉണങ്ങിയതും), പാകമാകാത്ത പച്ചക്കായകൾ, മുരിങ്ങക്കുരുവിൽ നിന്നുള്ള എണ്ണ എന്നിവ ചില്ലറ വിൽപനയ്ക്കുള്ള ഭക്ഷണമായോ അതിന്റെ ചേരുവകളായോ മാറ്റാൻ ഓസ്‌ട്രേലിയ ന്യൂസീലൻഡ് ഫുഡ് സ്റ്റാൻഡേർഡ്സ് കോഡിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ (Application A1294) സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, മുരിങ്ങ മനുഷ്യന്റെ ആരോഗ്യത്തിന് യാതൊരുവിധ സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് തെളിയിക്കാൻ ആവശ്യമായ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ അപേക്ഷകർക്ക് കഴിഞ്ഞില്ല. ഇതേത്തുടർന്ന് അധികൃതർ ഈ അപേക്ഷ നിരസിക്കുകയും വിപണിയിലെ വിലക്ക് കർശനമാക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ഇതോടെ, ചില്ലറ വിൽപനയ്ക്കുള്ള ഒരു ഭക്ഷണസാധനത്തിലോ ഭക്ഷ്യച്ചേരുവകളിലോ മുരിങ്ങ ഉപയോഗിക്കാൻ ഇനി നിയമപരമായി അനുവാദമില്ല. കൂടാതെ, മുരിങ്ങ അടങ്ങിയ ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾ അതിർത്തിയിൽ തടയുമെന്നും ഇവ ബയോസെക്യൂരിറ്റി ഇംപോർട്ട് കണ്ടീഷൻസിന് (BICON) വിധേയമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
∙ നിരോധനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ
മുരിങ്ങയെ ഓസ്‌ട്രേലിയയിൽ നിയമപരമായി ഒരു ‘നോവൽ ഫൂഡ്’ ആയാണ് നിലവിൽ കണക്കാക്കുന്നത്. 1994ന് മുൻപ് ഓസ്‌ട്രേലിയയിലോ ന്യൂസീലൻഡിലോ മുരിങ്ങ ഒരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചതിന് കൃത്യമായ ചരിത്രരേഖകളോ സ്ഥിരീകരണമോ ഇല്ല. പുതിയൊരു ഭക്ഷണ പദാർഥത്തിന് വാണിജ്യ അംഗീകാരം തേടുമ്പോൾ ശക്തമായതും ഉയർന്ന നിലവാരമുള്ളതുമായ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണ്. എന്നാൽ, മനുഷ്യ ഉപഭോഗത്തിന് മുരിങ്ങ പൂർണമായും സുരക്ഷിതമാണെന്ന് തെളിയിക്കാൻ ആവശ്യമായ ഡേറ്റ നിലവിലില്ല.
∙ വിപണിയിലും കയറ്റുമതിയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ
ഈ നിരോധനം ഓസ്‌ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റി അയക്കുന്ന വ്യാപാരികളെയും ഇറക്കുമതിക്കാരെയും കാര്യമായി ബാധിക്കും. ഓസ്ട്രേലിയൻ കൃഷി, മത്സ്യബന്ധനം, വനം വകുപ്പ് (ഡിഎഎഫ്എഫ്) ആണ് ഈ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നത്. മനുഷ്യ ഉപഭോഗത്തിനായി ലേബൽ ചെയ്തിട്ടുള്ള ഏതെങ്കിലും ഇറക്കുമതി ചെയ്ത വാണിജ്യ മുരിങ്ങ ഉൽപന്നങ്ങൾ അതിർത്തി കടക്കാൻ ശ്രമിച്ചാൽ അവ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യും.
സൂപ്പർമാർക്കറ്റുകളിലോ ഹെൽത്ത് ഫൂഡ് സ്റ്റോറുകളിലോ സ്മൂത്തി പൗഡർ, ഹെൽത്ത് ഡ്രിങ്കുകൾ അല്ലെങ്കിൽ മറ്റ് ഭക്ഷ്യ അഡിറ്റീവുകൾ എന്നിവയിൽ ഒരു ഘടകമായി മുരിങ്ങ വിൽക്കുന്നത് പൂർണമായി നിരോധിച്ചു. ഓസ്‌ട്രേലിയയിലേക്ക് ഉൽപന്നങ്ങൾ കയറ്റി അയക്കുന്നതിന് മുൻപ് തങ്ങളുടെ ഫോർമുലേഷനുകൾ കൃത്യമായി അവലോകനം ചെയ്യാനും അംഗീകൃത ചേരുവകളുടെ പട്ടിക (Schedule 25) പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കമ്പനികൾക്ക് നിർദേശമുണ്ട്.
1992ലെ ‘ഇംപോർട്ടഡ് ഫൂഡ് കൺട്രോൾ ആക്ട്’ പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപന്നങ്ങളെ ‘പരാജയപ്പെട്ട ഭക്ഷണം’ (Failed Food) ആയി പ്രഖ്യാപിച്ച് നശിപ്പിക്കുകയോ തിരിച്ചയക്കുകയോ ചെയ്യും. നിയമം ലംഘിച്ച് മുരിങ്ങ ഇറക്കുമതി ചെയ്യുന്നത് ഈ നിയമത്തിലെ സെക്ഷൻ 8 പ്രകാരം കടുത്ത കുറ്റകൃത്യമാണ്.
∙ പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ
ഇതുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് വ്യക്തിപരമായി കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് കഴിഞ്ഞ 15 വർഷമായി കുടുംബമായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ബിനു മാത്യു മനോരമ ഓൺലൈനിനോട് പറഞ്ഞു. ഓസ്ട്രേലിയയിൽ മുരിങ്ങ കൂടുതലായും മുരിങ്ങയില പൊടിയുടെ രൂപത്തിലാണ് വിപണിയിലെത്തിയിരുന്നത്. ഇനിമുതൽ ഇവ ഭക്ഷണമായോ ഭക്ഷ്യച്ചേരുവയായോ വിപണിയിൽ ലഭ്യമാകില്ല. ഇതേത്തുടർന്ന് പല കമ്പനികളും അവരുടെ മുരിങ്ങ ഉൽപന്നങ്ങൾ റീബ്രാൻഡ് ചെയ്താണ് വിപണിയിലെത്തിക്കുന്നത്. മുൻപ് ഭക്ഷണമായി ലേബൽ ചെയ്തിരുന്ന ഇവ, ഇപ്പോൾ ‘ബാഹ്യ ഉപയോഗത്തിന് മാത്രം’ (External Use) അല്ലെങ്കിൽ ‘തെറാപ്പൂട്ടിക് ഉപയോഗത്തിന്’ എന്ന് ലേബൽ ചെയ്താണ് വിൽക്കുന്നതെന്നും ബിനു കൂട്ടിച്ചേർത്തു.
മലയാളികൾക്ക് മുരിങ്ങ സ്വന്തം ആവശ്യത്തിനായി വളർത്തുന്നതിനോ ഉപയോഗിക്കുന്നതിനോ യാതൊരു തടസ്സവുമില്ല. എന്നാൽ മുരിങ്ങ ഒരു ഭക്ഷണ പദാർഥമായി വിപണനം ചെയ്യാൻ സാധിക്കില്ല. ഉദാഹരണത്തിന്, മുരിങ്ങയുടെ എക്സ്ട്രാറ്റ് ഉപയോഗിച്ച് ഒരു കേക്ക് ഉണ്ടാക്കിയാൽ അത് വിൽക്കാൻ അനുവാദമില്ല. മുരിങ്ങയുടെ വാണിജ്യപരമായ കൃഷിക്കും വിപണനത്തിനും മാത്രമാണ് നിരോധനമുള്ളത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി സ്വന്തം വീട്ടുപറമ്പിൽ മുരിങ്ങ മരം നട്ടുവളർത്തുന്നതിനോ, അതിന്റെ ഇലകൾ സ്വകാര്യമായി പാകം ചെയ്ത് കഴിക്കുന്നതിനോ യാതൊരുവിധ നിയമതടസ്സവുമില്ല. ഓസ്‌ട്രേലിയയിൽ മുൻപ് പ്രചാരത്തിലില്ലാതിരുന്ന ഒരു സസ്യമായതിനാൽ, അതിന്റെ വാണിജ്യപരമായ ഉപയോഗത്തിന് കർശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് അധികൃതർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
സാധാരണയായി നാട്ടിൽ നിന്നും ഏതെങ്കിലും ചെടിയുടെ വിത്തോ തൈയോ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. ഇവ ഫ്രോസൺ ആയോ അല്ലെങ്കിൽ പൂർണമായി സംസ്കരിച്ച രീതിയിലോ മാത്രമേ അതിർത്തി കടക്കാൻ അനുവദിക്കൂ. മുരിങ്ങയ്ക്ക് നിരോധനം നിലനിൽക്കുന്ന സാഹചര്യമായതിനാൽ, ശരിയായ ലേബലിങ് ഇല്ലെങ്കിൽ ഇത്തരം ഉൽപന്നങ്ങൾ അതിർത്തി കടക്കാൻ സാധ്യത വളരെ കുറവാണ്. നിലവിൽ ഈ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് ചില കമ്പനികളുടെ ഭാഗത്തുനിന്നും ഓസ്ട്രേലിയൻ ഫെഡറൽ പാർലമെന്റിലേക്ക് പെറ്റീഷൻ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
∙ നിരോധനത്തിൽ നിന്നുള്ള ഇളവുകൾ
1. ഔഷധഗുണമുള്ള സപ്ലിമെന്റുകള്‍: ഭക്ഷണമായി വിൽക്കുന്നതിന് കർശനമായ നിരോധനമുണ്ടെങ്കിലും, ചില പ്രത്യേക മേഖലകളിൽ നിയമപരമായ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒരു പൊതു ഭക്ഷണമായി നിരോധിച്ചിട്ടുണ്ടെങ്കിലും, മുരിങ്ങയെ തെറാപ്പൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ വഴി ഒരു ‘കോംപ്ലിമെന്ററി മെഡിസിൻ’ ആയി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ കാപ്സ്യൂളുകളുടെ രൂപത്തിൽ വിൽക്കാൻ നിയമപരമായി അനുവാദമുണ്ട്. എന്നാൽ ഇവ ഭക്ഷണമായല്ല, മറിച്ച് ഔഷധഗുണമുള്ള സപ്ലിമെന്റുകളായി മാത്രമേ വിപണനം ചെയ്യാൻ പാടുള്ളൂ.
2. വ്യക്തിഗത ഉപയോഗം: സ്വന്തം വീട്ടുപറമ്പിൽ മുരിങ്ങ മരം വളർത്തുന്നതിനും അതിന്റെ ഇലകളോ കായ്കളോ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും യാതൊരുവിധ നിയമതടസ്സവുമില്ല.
∙ ബ്രസീലിലും നിരോധനം
ഓസ്‌ട്രേലിയയ്ക്ക് മുൻപ് തന്നെ ബ്രസീൽ മുരിങ്ങയ്ക്ക് സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. 2019 ജൂൺ 4ന് ബ്രസീലിന്റെ ആരോഗ്യ നിയന്ത്രണ ഏജൻസിയായ ‘അൻവിസ’ (ANVISA) രാജ്യത്തുടനീളം മുരിങ്ങയുടെ ഉപയോഗം നിരോധിച്ചു. സുരക്ഷാ തെളിവുകളുടെ അഭാവത്തിന് പുറമെ, ചായ, കാപ്സ്യൂളുകൾ തുടങ്ങിയ രൂപങ്ങളിൽ മുരിങ്ങ വിൽക്കുന്നവർ ഇത് കാൻസർ, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ ഭേദമാക്കും എന്ന രീതിയിൽ ശാസ്ത്രീയ അടിത്തറയില്ലാത്ത വ്യാജമായ ഔഷധ അവകാശവാദങ്ങൾ ഉന്നയിച്ചതുമാണ് ബ്രസീലിനെ ഇത്തരമൊരു കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്.
∙ മുരിങ്ങയുടെ ഗുണങ്ങളും പുതിയ കണ്ടെത്തലുകളും
അമേരിക്കൻ ബൊട്ടാണിക്കൽ കൗൺസിലിന്റെ പഠനങ്ങൾ പ്രകാരം വരൾച്ചയെ പ്രതിരോധിക്കുന്നതും അതിവേഗം വളരുന്നതുമായ ഒരു സസ്യമാണ് മുരിങ്ങ. ഇന്ത്യ, പാക്കിസ്ഥാൻ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ ഇതിന് വലിയ ജനപ്രീതിയുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ജൈവിക സംയുക്തങ്ങൾക്ക് ചില പ്രത്യേക ആരോഗ്യ ഗുണങ്ങളുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രക്തസമ്മർദം കുറയ്ക്കാൻ ഇതിലെ സജീവ സംയുക്തങ്ങൾ സഹായിച്ചേക്കാം. ഇലകൾ, വേരുകൾ, പൂക്കൾ എന്നിവയിൽ നിന്നുള്ള സത്ത് കരളിലെ വിഷാംശങ്ങൾ നീക്കാനും കരളിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. കൂടാതെ, ഇതിന്റെ വിവിധ സസ്യഭാഗങ്ങൾക്ക് ആന്റി ബാക്ടീരിയൽ ശേഷിയുമുണ്ട്.
ഭക്ഷ്യസുരക്ഷയുടെ പേരിൽ ഓസ്‌ട്രേലിയയിൽ മുരിങ്ങയ്ക്ക് വാണിജ്യ വിലക്കുണ്ടെങ്കിലും, ശാസ്ത്രലോകം ഈ അദ്ഭുത സസ്യത്തിന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന ഗുണം കൂടി അടുത്തിടെ കണ്ടെത്തുകയുണ്ടായി. ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കാൻ മുരിങ്ങ വിത്തുകൾക്ക് സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
പ്രശസ്ത ശാസ്ത്ര ജേണലായ ‘എസിഎസ് ഒമേഗ’യിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച്, വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളെ അരിച്ചെടുത്ത് മാറ്റാൻ മുരിങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾക്ക് പ്രത്യേക ശേഷിയുണ്ട്. പരമ്പരാഗതമായി വെള്ളം ശുദ്ധീകരിക്കാൻ മുരിങ്ങ ഉപയോഗിച്ചിരുന്ന രീതി ശരിവയ്ക്കുന്നതാണ് ഈ പുതിയ ശാസ്ത്രീയ കണ്ടെത്തൽ.
പരമ്പരാഗതമായി നമ്മൾ ഏറെ ഗുണപ്രദമെന്ന് കരുതുന്ന പല ഭക്ഷണങ്ങളും രാജ്യാന്തര വിപണിയിലേക്ക് എത്തുമ്പോൾ കർശനമായ സുരക്ഷാ പരിശോധനകൾക്കും പ്രാദേശിക നിയമങ്ങൾക്കും വിധേയമാകാറുണ്ട് എന്നതിന്റെ തെളിവാണ് മുരിങ്ങയുടെ ഈ നിരോധനം. വിദേശ വിപണികളെ ലക്ഷ്യം വയ്ക്കുന്ന ഭക്ഷ്യ കയറ്റുമതി കമ്പനികൾ ഇത്തരം നിയമപരമായ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കി വേണം ഇനി മുന്നോട്ട് പോകാൻ.
കടപ്പാട്: മനോരമ ഓൺലൈൻ
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
