“നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!”

malayalampress
2 Min Read

കയ്യടിച്ചും സല്യൂട്ട് നൽകിയും സോഷ്യൽ  മീഡിയയും

തിരുവനന്തപുരം: റോഡിൽ മുട്ടിലിഴഞ്ഞു നീങ്ങിയ പിഞ്ചുകുഞ്ഞിനെ സമയോചിതമായ ഇടപെടലിലൂടെ ജീവനോടെ രക്ഷപെടുത്തിയ ബസ് ജീവനക്കാരെ അഭിനന്ദിച്ച് മോട്ടോർ വാഹന വകുപ്പ് (MVD). പുതിയിടത്തുപറമ്പ് – ഫറോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന ‘സഫാ മർവാ’ ബസിലെ ഡ്രൈവർ രാമചന്ദ്രൻ, കണ്ടക്ടർ നവാസ് എന്നിവരെയാണ് മോട്ടോർ വാഹന വകുപ്പ് ഔദ്യോഗികമായി അഭിനന്ദിച്ചത്.

“നിങ്ങളുടെ കരുതലിൽ ഒരു കുഞ്ഞിൻ്റെ ജീവൻ രക്ഷപ്പെട്ടു” എന്ന് കുറിച്ചുകൊണ്ടാണ് എംവിഡി ഫേസ്ബുക്കിൽ ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സമയോചിതമായി ബസ് നിർത്തുകയും മറ്റ് അപകടങ്ങൾ ഒഴിവാക്കി പിഞ്ചുകുഞ്ഞിൻ്റെ ജീവൻ രക്ഷിക്കുകയും ചെയ്ത ശ്രീരാമചന്ദ്രനും നവാസിനും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും, ‘അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക’ എന്നത് തന്നെയാണ് ഡ്രൈവിങ്ങിൽ ഉടനീളം പാലിക്കേണ്ട മനോഭാവമെന്നും മോട്ടോർ വാഹന വകുപ്പ് ഓർമ്മിപ്പിച്ചു.

നാടിനെ നടുക്കിയ ആ നിമിഷം; രക്ഷകരായി ബസ് ജീവനക്കാർ

കൊണ്ടോട്ടി: പുളിക്കൽ റോഡിൽ വലിയപറമ്പിൽ വച്ച് രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബസ് കടന്നുപോകുന്നതിനിടെയാണ് നടുറോഡിൽ ഒരു പിഞ്ചുകുഞ്ഞ് മുട്ടിലിഴയുന്നത് ഡ്രൈവർ രാമചന്ദ്രന്റെ ശ്രദ്ധയിൽ പെട്ടത്. ഒട്ടും സമയം കളയാതെ അദ്ദേഹം ബസ് ബ്രേക്ക് ചെയ്യുകയായിരുന്നു.

ഉടൻ തന്നെ ബസിൽ നിന്നും താഴേക്ക് ഇറങ്ങിയ കണ്ടക്ടർ നവാസ് കുഞ്ഞിനെ കൈകളിൽ കോരിയെടുക്കുകയും സുരക്ഷിതമായി അടുത്തുള്ള വീട്ടിൽ ഏൽപ്പിക്കുകയുമായിരുന്നു. വീടിൻ്റെ ഗേറ്റ് തുറന്നുകിടന്നതുകൊണ്ടാകാം കുട്ടി മുട്ടിൽ ഇഴഞ്ഞ് നടുറോഡിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. കുട്ടിയുമായി നവാസ് വീട്ടിലെത്തിയപ്പോൾ മാത്രമാണ് വീട്ടുകാർ പോലും വിവരം അറിയുന്നത്. തങ്ങളുടെ കുഞ്ഞ് റോഡിലെത്തിയ വിവരം അറിഞ്ഞതോടെ വീട്ടുകാരും അമ്പരന്നുപോയി.

സിസിടിവി ദൃശ്യങ്ങൾ പുറത്ത്; നെഞ്ചിടിപ്പോടെ സോഷ്യൽ മീഡിയ

ബസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തികച്ചും ഭീതിജനകമായ ഈ രംഗം പുറംലോകം അറിഞ്ഞത്. നടുറോഡിൽ കുഞ്ഞ് ഇരിക്കുന്നതും, ബസ് കൃത്യസമയത്ത് നിർത്തുന്നതും, പിന്നാലെ കണ്ടക്ടർ ഓടിയെത്തി കുട്ടിയെ കൈയിലെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

“റോഡിൽ കുഞ്ഞിനെ കണ്ടപ്പോൾ ശരിക്കും അമ്പരന്നുപോയി. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് കുഞ്ഞിനെ അപകടമൊന്നും കൂടാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന്.”ഡ്രൈവർ രാമചന്ദ്രനും കണ്ടക്ടർ നവാസും  പറഞ്ഞത്.

സാധാരണയായി വലിയ വാഹനങ്ങൾ വേഗതയിൽ പോകുന്ന റൂട്ടിൽ, ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അതീവ ജാഗ്രത മാത്രമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. സോഷ്യൽ മീഡിയയിലും ഈ ജീവനക്കാർക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

നടുറോഡിൽ മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ്; രക്ഷകരായത് ബസ് ജീവനക്കാർ | VIDEO

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article