ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം; ബിജെപി വിട്ട് അണ്ണാമലൈ

News Desk
2 Min Read

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവച്ചു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തീരുമാനം. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നുള്ള അണ്ണാമലൈയുടെ രാജി അപേക്ഷ സ്വീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രസ്താവനയിൽ അറിയിച്ചു. 

ബിജെപി വിടുന്നുവെന്ന അഭ്യൂഹത്തെക്കുറിച്ച് സംസാരിക്കാനായി ഇന്ന് ഉച്ചയ്ക്ക് 12ന് സമൂഹമാധ്യമത്തിൽ പൊതുജനങ്ങളുമായി സംവദിക്കുമെന്ന് അണ്ണാമലൈ അറിയിച്ചിരുന്നു. ഇതിനു തൊട്ടു മുൻപാണ് രാജി അംഗീകരിച്ചുകൊണ്ടുള്ള ബിജെപിയുടെ പ്രസ്താവന പുറത്തുവന്നത്. ചൊവ്വാഴ്ച ഡൽഹിയിലെത്തിയ അണ്ണാമലൈ നിതിൻ നബീൻ, അമിത് ഷാ, ബി.എൽ. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അണ്ണാമലൈയോടു കാത്തിരിക്കാനാണ് പാർട്ടി നിർദേശിച്ചിരുന്നത്. അഞ്ചു പേജുള്ള രാജിക്കത്താണ് അണ്ണാമലൈ പാർട്ടി അധ്യക്ഷന് സമർപ്പിച്ചത്. 

തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി പകരം നൈനാർ നാഗേന്ദ്രനെ നിയമിച്ചതുമുതൽ പാർട്ടിയിൽ സജീവമല്ലാതിരുന്ന അണ്ണാമലൈ, ബിജെപി വിടാൻ ആഗ്രഹിക്കുന്നതായി ശക്തമായ സൂചനകൾ ഉണ്ടായിരുന്നു. പാർട്ടിയിൽനിന്ന് സൗഹാർദപരമായി പിരിയാൻ ആഗ്രഹിക്കുന്നതായും സ്വന്തം വഴി തിരഞ്ഞെടുക്കാൻ സമയമായെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു.

അണ്ണാമലൈ സ്വന്തം പാർട്ടി രൂപീകരിക്കുന്നുവെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം 12 മണിക്ക് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) ഉൾപ്പെടെ തമിഴ്‌നാട്ടിലെ നിലവിലുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളിൽ ചേരാനുള്ള സാധ്യത നേരത്തെ അണ്ണാമലൈ തള്ളിയിരുന്നു. എഐഎഡിഎംകെയുമായുള്ള ബിജെപിയുടെ സഖ്യവും, ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തിനു ബിജെപി എതിരല്ലെന്ന് വരുത്തിതീർക്കാനുള്ള പാർട്ടി നീക്കങ്ങളോടുമുള്ള വിയോജിപ്പുമാണ് സ്വന്തം പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് സൂചന.

കോയമ്പത്തൂരിൽ ‘ഭയമില്ലാത്ത മനസ്സിന് അതിരുകളില്ല’ എന്ന വാചകത്തോടെ അണ്ണാമലൈയുടെ ചിത്രമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. കൂടാതെ അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയായ ‘അണ്ണാമലൈ അൻപ് കൂട്ടം’ പുതിയ ഭാരവാഹികളെ നിശ്ചയിച്ച് പ്രവർത്തനം സജീവമാക്കിയിട്ടുമുണ്ട്.

ത്രിഭാഷാ നയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി അണ്ണാമലൈക്ക് വിയോജിപ്പുകളുണ്ടായിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം മുതൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിജ്ഞാപനം പിൻവലിക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, സി.എൻ. അണ്ണാദുരൈ, ജെ. ജയലളിത എന്നിവർക്കെതിരായ മുൻ പ്രസ്താവനകളെച്ചൊല്ലി എഐഎഡിഎംകെയുമായുള്ള ബന്ധം വഷളായതും, സഖ്യകക്ഷിയുടെ സമ്മർദത്താൽ അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയതുമാണ് ബിജെപിയുമായി അകലാൻ കാരണമായത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article