ഭോപാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ നിന്നുള്ള പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കാൻ ശ്രമിച്ച മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ ഗുപ്തേശ്വർ മലനിരകളിൽ നിന്നാണ് കണ്ടെടുത്തത്.
പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, ഭിന്ദ് സ്വദേശിനിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ പെൺകുട്ടിയെ മേയ് 28നാണ് കാണാതായത്. തുടർന്ന് വീട്ടുകാർ മൗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
രാമു ഗുർജാർ എന്നയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഗ്വാളിയോറിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഗുപ്തേശ്വർ ഹില്ലിലെ നവഗ്രഹ ക്ഷേത്രത്തിനു സമീപമുള്ള വിജനമായ സ്ഥലത്ത് വച്ച് രാമുവും കൂട്ടാളികളായ അരുൺ കുശ്വാഹ, ഗൗരവ് കുശ്വാഹ എന്നിവരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
കുറ്റം പുറത്തറിയുമെന്ന ഭയത്താലാണ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് മേയ് 29ന് പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖകളും മറ്റ് തെളിവുകളും നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. കേസിൽ പ്രധാന പ്രതിയായ രാമു ഗുർജാറിനെ പൊലീസ് അതിവേഗം കസ്റ്റഡിയിലെടുക്കുകയും, ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റ് രണ്ട് പ്രതികളെ ഗ്വാളിയോറിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം, പോസ്റ്റ്മോർട്ടത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിൽ എത്തിച്ചതോടെ വലിയ രീതിയിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തു. ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. പ്രതികളെ എത്രയും വേഗം തൂക്കിലേറ്റണമെന്നും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കേസിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇരയ്ക്ക് നീതി ഉറപ്പാക്കാൻ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
