വിജയ്‌ക്ക് ഇടതുപാർട്ടികളുടെ പിന്തുണ: സംസ്ഥാന നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സിപിഎം

News Desk
1 Min Read

ന്യൂഡൽഹി: തമിഴ്നാട്ടിൽ വിജയ്‌ക്ക് പിന്തുണ നൽകുന്നതിൽ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

സിപിഐ, വിസികെ പാർട്ടികളുടെ ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഈ നിലപാടിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ടോടെ സിപിഐ, സിപിഎം, വിസികെ പാർട്ടികളുടെ തമിഴ്നാട് നേതൃത്വങ്ങൾ ചർച്ച നടത്തും. തുടർന്ന് ഓരോ പാർട്ടികളും ആഭ്യന്തര തലത്തിലും കൂടിയാലോചനകൾ നടത്തിയ ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചില്ല. അദ്ദേഹം പിന്തുണയ്ക്കുന്നവരുടെ സംഖ്യ കാണിക്കാനാണ് പറയുന്നത്. അത് ഗവർണറുടെ ഉത്തരവാദിത്വമല്ല. 13 ദിവസം മാത്രം നീണ്ടുന്ന എ.ബി.വാജ്‌പേയ് സർക്കാരിന്റെ കാലത്ത് രാഷ്ട്രപതി വാജ്‌പേയിയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടില്ല. അന്ന് വാജ്‌പേയിക്ക് ഒരു മാസം സമയം കൊടുത്തിരുന്നു.

ഇന്ന് ഭൂരിപക്ഷം തെളിയിക്കുന്നതിന് വിജയ് വെറും ഒരാഴ്ച സമയം മാത്രമാണ് ആവശ്യപ്പെടുന്നത്. സിപിഐ, വിസികെ എന്നീ പാർട്ടികളുമായി സിപിഎം ചർച്ച നടത്തിയ ശേഷമാണ് തമിഴ്നാട്ടിൽ സംസ്ഥാനനേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന നിലപാടിലെത്തിയത്. ഏറ്റവും വലിയ ഒറ്റകക്ഷിക്ക് ഭൂരിപക്ഷം തെളിയിക്കാനാകുന്ന സാഹചര്യമുണ്ടാകണം’ – എം.എ.ബേബി പറഞ്ഞു.

തമിഴ്നാട്ടിൽ സഖ്യസർക്കാരുണ്ടാക്കണമെങ്കിൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അണ്ണാ ഡിഎംകെയോട് ഡിഎംകെ ആവശ്യപ്പെട്ടതായി സൂചന. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ മാത്രമേ സഖ്യചർച്ചകൾക്ക് സാധ്യതയുള്ളൂവെന്ന് ഡിഎംകെ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ടു ചെയ്തു.

അങ്ങനെ സംഭവിച്ചാൽ അണ്ണാ ഡിഎംകെ നയിക്കുന്ന സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാൻ ‍ഡിഎംകെ തയാറാകുമെന്നാണ് വിവരം. അതേസമയം, വിടുതലൈ ചിരുതൈഗൾ കച്ചിയെ (വിസികെ) പോലുള്ള ചെറു ഘടകകക്ഷികൾക്കടക്കം മന്ത്രിസ്ഥാനം നൽകണമെന്ന ഉപാധിയും ഡിഎംകെ മുന്നോട്ടുവച്ചേക്കും. രണ്ട് മന്ത്രിസ്ഥാനമാണ് വിസികെ ആവശ്യപ്പെടുന്നത്. അതേസമയം, വിജയ്‌യ്ക്ക് പിന്തുണ നൽകുന്നതിൽ ഇടതുപാർട്ടികളുടെ തീരുമാനം ഇന്നുണ്ടായേക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!