കുവൈത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം ശക്തമാകുന്ന സാഹചര്യത്തിൽ, വിവിധ വിഭാഗങ്ങളിൽപ്പെടുന്ന മയക്കുമരുന്ന്-ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. മയക്കുമരുന്നും മനോപ്രേരക വസ്തുക്കളും നിയന്ത്രിക്കുന്ന നിയമപ്രകാരം, ആരോഗ്യ മന്ത്രിയുടെ ഉത്തരവിനെ തുടർന്നാണ് പുതിയ പട്ടിക നിലവിൽ വന്നത്.
ലഹരി പദാർഥങ്ങളുടെ ഉപയോഗവും വിതരണവും നിയന്ത്രിക്കുന്നതിനും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട നിയമ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരം, വിവിധ തരം ലഹരി പദാർഥങ്ങളും അവയുടെ ഡെറിവേറ്റീവുകളും (ഉപവർഗങ്ങൾ), ഐസോടോപ്പുകളും, ഹൈഡ്രോക്ലോറൈഡുകൾ ഉൾപ്പെടെയുള്ള രാസ സംയുക്തങ്ങളും പുതിയ നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനടപടി നടപ്പിലാക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. കൂടാതെ, നാല് പുതിയ ലഹരി പദാർഥങ്ങളെയും ഔദ്യോഗിക നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻ-പെറോളിഡിനോപ്രോട്ടോണിറ്റാസിൻ (N1-135), എൻ-പെറോളിഡിനോപ്രോട്ടോണിറ്റാസിൻ (N1-136), എറ്റോണിറ്റാസെപിപൈൻ (N1-137), എൻ-ഡെസെഥിലിസോട്ടോണിറ്റാസിൻ (N1-138) എന്നീ അതിശക്തമായ ലഹരി മരുന്നുകളാണ് പുതുതായി നിരോധിച്ചത്.
ഈ പദാർഥങ്ങൾ ഉൾപ്പെടെ ആകെ 13 ലഹരി മരുന്നുകളെയും അവയുടെ രാസ ഉപവർഗങ്ങളെയും നിരോധിത പട്ടികയിൽ ചേർത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകാൻ സാധ്യതയുള്ളതിനാലാണ് ഇവയെ നിയന്ത്രണ വിധേയമാക്കിയത്. ലഹരി വസ്തുക്കളുടെ ഉപയോഗം, കൈവശം വയ്ക്കൽ, വിതരണം, കടത്ത് എന്നിവയ്ക്കെതിരെ രാജ്യത്ത് കർശനമായ നടപടി തുടരുമെന്നും പൊതുജനാരോഗ്യവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
