ആഗോളതലത്തിൽ എബോള വൈറസ് ഭീതി; പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ, ഐസൊലേഷനിൽ കഴിയണമെന്ന് നിർദേശം

malayalampress
1 Min Read
  • സഹായം തേടുന്നതിനായി സർക്കാർ ‘1075’ എന്ന ഹെൽപ്പ് ലൈൻ നമ്പറും സജ്ജമാക്കിയിട്ടുണ്ട്

ന്യൂഡൽഹി: എബോള ബാധിത രാജ്യങ്ങളിൽ യാത്ര ചെയ്യുകയും പ്രത്യേക ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നവർ ഐസൊലേഷനിൽ കഴിയണമെന്ന് കേന്ദ്ര സർക്കാർ. ആഗോളതലത്തിൽ എബോള വൈറസ് ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രോഗബാധിത രാജ്യങ്ങളിൽ നിന്ന് വരികയോ അത്തരം രാജ്യങ്ങൾ വഴി യാത്ര ചെയ്യുകയോ ചെയ്തവർ സ്വയം “ഐസൊലേഷനിൽ” കഴിയണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.

അതേസമയം, ഇന്ത്യയിൽ ഇതുവരെ എബോള കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിശദമായ പ്രസ്താവനയിലൂടെ വ്യക്തമാക്കി. എബോള ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയും എന്തെങ്കിലും പ്രത്യേക ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നവർ ഐസൊലേഷനിൽ കഴിയണമെന്നും പ്രാദേശിക ആരോഗ്യ അധികൃതരെ വിവരമറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ ഒരു എബോള ബാധിത രാജ്യത്ത് നിന്ന് വരികയോ അല്ലെങ്കിൽ അത്തരം രാജ്യങ്ങൾ വഴി യാത്ര ചെയ്യുകയോ, പനി, തലവേദന, പേശി വേദന, ഛർദ്ദി, വയറിളക്കം, അല്ലെങ്കിൽ കാരണമില്ലാതെയുള്ള രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിലോ, സ്വയം ഐസൊലേഷനിൽ കഴിയുകയും പ്രാദേശിക ആരോഗ്യ അധികൃതരെ വിവരമറിയിക്കുകയും ചെയ്യണമെന്ന് പുതിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

അധികൃതരുമായി ബന്ധപ്പെട്ട് സഹായം തേടുന്നതിനായി സർക്കാർ ‘1075’ എന്ന ഹെൽപ്പ് ലൈൻ നമ്പറും പങ്കുവെച്ചിട്ടുണ്ട്. രോഗവിവരങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യുന്നത് ജീവൻ രക്ഷിക്കാനും രോഗം പടരുന്നത് തടയാനും സഹായിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശം പുറത്തുവരുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!