കൊച്ചി: നടൻ ടിനി ടോമിനെതിരെ നിയമ നടപടിയുമായി അൻസിബ ഹസൻ. ടിനി ടോം തനിക്കെതിതെ അപവാദ പ്രചാരണം നടത്തിയെന്നും മത തീവ്രവാദിയാക്കാൻ നിരന്തരം ശ്രമം നടത്തിയെന്നും അൻസിബ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ടിനി ടോം സാമൂഹിക വിപത്താണ് എന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും അൻസിബ വ്യക്തമാക്കിയിരുന്നു. “അദ്ദേഹം (ടിനി ടോം) എന്നോട് മാത്രമല്ല ദ്രോഹം ചെയ്തത്. ഒരു സമൂഹത്തോടാണ്. കേരളം പോലെ സെക്യുലറായ ഒരു സംസ്ഥാനത്തുള്ളവരോടാണ് ഇത് ചെയ്തത്.
ഒരാളോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ, പേര് അൻസിബ എന്നാണ് അത് ഉപയോഗിച്ചേക്കാം എന്നത് തെറ്റായ സന്ദേശമാണ് കൊടുക്കുന്നത്. മലയാളികൾ എല്ലാവർക്കും കാര്യം മനസിലായിട്ടുണ്ട്. അദ്ദേഹം ചെയ്തത് ന്യായീകരിക്കാൻ പറ്റില്ല. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ പറ്റുള്ളൂ”, എന്നായിരുന്നു അൻസിബയുടെ പ്രതികരണം.
താരസംഘടന ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തിയത്. ടിനി ടോം തന്നെ മതതീവ്രവാദിയായി ചിത്രീകരിച്ചുവെന്നും അവിഹിതക്കഥകൾ പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ ആരോപണം. എന്നാൽ, ടിനി ഈ ആരോപണങ്ങൾ നിഷേധിച്ചു. ‘അമ്മ’യിൽ സജീവമായി പ്രവർത്തിക്കുന്ന തന്റെ വളർച്ചയെ ഭയന്ന് ഗൂഢാലോചന നടക്കുന്നുവെന്നായിരുന്നു ഈ വിഷയത്തിൽ നടന്റെ വിശദീകരണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
