ലഖ്‌നൗ: തന്റെ കോലം കത്തിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ ബിജെപി എംഎല്‍എയെ കാണാനെത്തി സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിമാരായ ബ്രജേഷ് പഥക്കിനും കേശവ് പ്രസാദ് മൗര്യക്കുമൊപ്പമാണ് അഖിലേഷ് യാദവ് ലഖ്‌നൗവിലെ ആശുപത്രിയിലെത്തിയത്.
ബിജെപി എംഎല്‍എ അനുപമ ജെയ്‌സ്വാളാണ് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ശനിയാഴ്ച ബഹ്‌റൈച്ചില്‍ നടന്ന മാര്‍ച്ചിനിടെ അഖിലേഷ് യാദവിന്റെ കോലത്തിന് തീ കൊളുത്തുന്നതിനിടെയാണ് അനുപമ ജെയ്‌സ്വാളിന് പൊള്ളലേറ്റത്. 75 ശതമാനത്തോളം പൊള്ളലേറ്റ എംഎല്‍എ തീവ്രപരിചചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അനുപമയുടെ കുടുംബത്തോടും അഖിലേഷ് യാദവ് സംസാരിച്ചു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കലഹത്തിന്റെ കനലുകളല്ല, ഐക്യവും സന്മനസ്സുമാണ് ആഗ്രഹിക്കുന്നതെന്നും നമ്മുടെ രാഷ്ട്രീയ പാരമ്പര്യം അതാണ് പഠിപ്പിക്കുന്നതെന്നുമാണ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അഖിലേഷ് പറയുന്നത്.
അനുപമ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും, രാഷ്ട്രീയത്തിനപ്പുറം മാനുഷിക ബന്ധങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്നും അഖിലേഷ് ഓര്‍മിപ്പിച്ചു. ഐക്യം നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാനുഷിക പരിഗണനയുടെയും ജനാധിപത്യ മര്യാദയുടെയും അടയാളമാണ് അഖിലേഷ് യാദവിന്റെ സന്ദര്‍ശനമെന്ന് അനുപമയുടെ ഭര്‍ത്താവ് അശോക് ജെയ്‌സ്വാള്‍ പ്രതികരിച്ചു. ജനാധിപത്യത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണെന്നും അതിനെല്ലാം ഉപരിയാണ് മാനുഷിക മൂല്യങ്ങളെന്നും അഖിലേഷ് യാദവിന് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു.

