വന്ദേമാതരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍: പൂര്‍ണമായി ആലപിച്ചാല്‍ എന്താണ് തെറ്റ്? വിശദമായി അറിയാം

malayalampress
2 Min Read
  • വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ അതൃപ്തി പരസ്യമാക്കിയപ്പോള്‍ സര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷം പിന്തുണച്ചു. സര്‍ക്കാര്‍ ജമാ അത്തെ ഇസ്‌ലാമിക്കും സിപിഐഎമ്മിനും വഴങ്ങിയെന്നാണ് ബിജെപിയുടെ വാദം.

നിയമസഭയില്‍ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ലോക്ഭവന്‍ നിര്‍ദേശംസംസ്ഥാന സര്‍ക്കാര്‍ തള്ളി. വന്ദേമാതരം പൂര്‍ണമായി ആലപിക്കാനാകില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ അതൃപ്തി പരസ്യമാക്കിയപ്പോള്‍ സര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷം പിന്തുണച്ചു. സര്‍ക്കാര്‍ ജമാ അത്തെ ഇസ്‌ലാമിക്കും സിപിഐഎമ്മിനും വഴങ്ങിയെന്നാണ് ബിജെപിയുടെ വാദം. യഥാര്‍ഥത്തില്‍ എന്താണ് വന്ദേമാതരത്തിലെ പ്രശ്‌നം? വന്ദേമാതരം മുഴുവനായി പാടിയാല്‍ എന്താണ് തെറ്റ്? (Kerala Assembly Vande Mataram Controversy Explained)

വന്ദേമാതരം സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ പ്രതീകമായത് എങ്ങനെ?

ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായി മാറിയ ഗാനം, വന്ദേമാതരത്തിന് മഹാത്മാഗാന്ധി നല്‍കിയ വിശേഷണം ത്യാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ട ഗാനമെന്നാണ്. 1870കളില്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മയെ ഇന്ത്യാക്കാര്‍ എല്ലായിടത്തും സ്തുതിക്കണമെന്ന പ്രഖ്യാപിത നിലപാടുമായി കൊളോണിയല്‍ ഭരണകൂടം മുന്നോട്ട് വന്നു. സ്‌കൂളുകളിലും ഔദ്യോഗിക യോഗങ്ങളിലുമെല്ലാം ബ്രിട്ടീഷ് രാജവാഴ്ചയെ സ്തുതിക്കണമെന്നത് നിര്‍ബന്ധമാക്കി.

ഇന്ത്യാക്കാരന്റെ ആത്മാഭിമാനത്തെ ഇല്ലാതാക്കുന്ന ഈ ബ്രിട്ടീഷ് നിലപാടിനെതിരെ പ്രതിഷേധം പുകഞ്ഞു. ആ പ്രതിഷേധകത്തിന്റെ സൃഷ്ടിയാണ് 1875 നവംബര്‍ ഏഴിന് ബങ്കിംചന്ദ്രചാറ്റര്‍ജിയുടെ തൂലികയില്‍ വിരിഞ്ഞ വന്ദേമാതരം. ആ ഗാനം ഏറെ വൈകാതെ ഇന്ത്യന്‍ ദേശീയ വികാരത്തിന്റെ പ്രതീകമായി മാറി. 1896ല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്ത ദേശീയ സമ്മേളനത്തില്‍ സാക്ഷാന്‍ രവീന്ദ്ര നാഥ ടാഗോര്‍ തന്നെ വന്ദേമാതരം ആലപിച്ചിട്ടുണ്ട്. പിന്നീടങ്ങോട്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഊര്‍ജവും ആവേശവുമായി വന്ദേമാതരം മാറി. സ്വാതന്ത്ര ശേഷം ഭരണഘടനാ അസംബ്ലി ജനഗണമനയെ ദേശീയ ഗാനമായും വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ചു.

മുഴുവന്‍ ആലപിക്കുമ്പോള്‍ അത് ഒരു മതേതര രാജ്യത്ത് പ്രശ്‌നമാകുന്നത് എങ്ങനെ?

അങ്ങനെയുള്ള ഒരു ഗാനത്തിന് ഇപ്പോളെന്താണ് കുഴപ്പമെന്നല്ലേ. കോണ്‍ഗ്രസ് സമ്മേളനത്തില്‍ ടാഗോര്‍ വന്ദേമാതരം ആലപിക്കുമ്പോള്‍ അതിന്റെ ആദ്യത്തെ രണ്ട് ശ്ലോകങ്ങള്‍ മാത്രമാണ് രചിക്കപ്പെട്ടത്. പിന്നീട് ബാക്കി ഭാഗങ്ങള്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം നോവലിലൂടെയാണ് പുറത്തുവരുന്നത്. ആ കൂട്ടിച്ചേര്‍ക്കപ്പെട്ട വര്‍ണനയില്‍ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അസ്തിത്വത്തിനപ്പുറം അമ്മ ദൈവം എന്ന സങ്കല്‍പം കൂടി ഉയര്‍ന്നുവരുന്നുണ്ട്. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീ സങ്കല്‍പങ്ങളെ നാടിന്റെ കാവലാളുകളായി കണക്കാക്കുന്ന വരികള്‍ പിന്നീട് ചേര്‍ത്ത ഭാഗത്തിലുണ്ട്.

ഹിന്ദു ഇതര മത വിഭാഗങ്ങളുടെ വിശ്വാസത്തോടും ദൈവ സങ്കല്‍പ്പത്തോടും വന്ദേമാതരത്തിലെ കൂട്ടിച്ചേര്‍ക്കപ്പെട്ട വരികള്‍ യോജിക്കുന്നില്ല എന്ന വിമര്‍ശനം അക്കാലം മുതലെ ശക്തമായിരുന്നു. അതുകൊണ്ട് എല്ലാ മതസ്ഥര്‍ക്കും ഉള്‍ക്കൊള്ളാനാകുന്ന ആദ്യ രണ്ട് പദ്യഭാഗങ്ങള്‍ ദേശീയ ഗീതമായി തിരഞ്ഞെടുക്കാമെന്നായിരുന്നു ടാഗോറിന്റെ നിര്‍ദേശം. ഗാന്ധിജിയും നെഹ്‌റുവും പട്ടേലുമെല്ലാം ഇതന്ന് അംഗീകരിക്കുകയും ചെയ്തു.

അങ്ങനെ 1948ല്‍ ഭരണഘടനാ അസംബ്ലി അംഗീകരിച്ചത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമാണ്. അതിനാല്‍ ഇപ്പോള്‍ വന്ദേമാതരത്തിന്റെ മുഴുവന്‍ വരികളും പാടണമെന്ന ആവശ്യമുയരുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും വ്യക്തം. വന്ദേമാതരം അതിന്റെ പൂര്‍ണരൂപത്തില്‍ എല്ലാ മതവിഭാഗക്കാരും ആലപിക്കണം എന്ന ഈ നിര്‍ബന്ധം ഒരു ബഹുസ്വര സമൂഹത്തില്‍ അംഗീകരിക്കാനാവുന്നതാണോ എന്ന ചോദ്യമാണ് മതേതര സമൂഹത്തിന്റെ ആശങ്ക.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!