ഭർത്താവ് കൊല്ലപ്പെട്ട നിലയിൽ, മകൻ കുത്തേറ്റ് മറ്റൊരു മുറിയിൽ; യുവതി കസ്റ്റഡിയിൽ

News Desk
1 Min Read
പ്രതീകാത്മക ചിത്രം (Photo: IANS)

ബെംഗളൂരു: അനസ്‌തേഷ്യോളജിസ്റ്റായ 45-കാരൻ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ. അദ്ദേഹത്തിന്റെ എട്ടു വയസ്സുള്ള മകനെ കുത്തേറ്റ നിലയിലും കണ്ടെത്തി. കർണാടകയിലെ ധാർവാഡിലാണ് സംഭവം. ചിരായുവ് ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനന്നാവർ ആണ് കൊല്ലപ്പെട്ടത്.

ഡോ. കിരണിനെ ബന്ധപ്പെടാൻ ബന്ധുക്കൾ പലതവണ ശ്രമിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. അദ്ദേഹം വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും ഭാര്യ അവരോട് പറഞ്ഞിരുന്നു. വൈകുന്നേരമായിട്ടും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെത്തുടർന്ന് കുടുംബാംഗങ്ങൾ അപ്പാർട്ട്മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്.

കുട്ടി പരുക്കേറ്റ നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നു. ഉടൻ തന്നെ അവനെ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവിനെ ഒരു മുറിയിലും പരുക്കേറ്റ കുട്ടിയെ മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. കൊലപാതകത്തിൽ ഡോ. പ്രിയങ്കയ്ക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

”ഭാര്യ നിലവിൽ കടുത്ത മാനസികാഘാതത്തിലാണ്. പരസ്പരവിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് പറയുന്നത്. അയൽക്കാരുമായി തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി സൂചനയൊന്നുമില്ല. ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള അപ്പാർട്ട്മെന്റിലാണ് ഇവരുടെ താമസം. അതുകൊണ്ട് തന്നെ പുറത്തുനിന്നും ആളുകൾ പ്രവേശിക്കാനുള്ള സാധ്യതയില്ല. സംഭവസമയത്ത് ഭർത്താവ്, ഭാര്യ, കുട്ടി എന്നിവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും നേത്രരോഗ വിദഗ്ധയുമായ ഡോ. പ്രിയങ്കയെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ മകനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്,” ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article