യാത്രാ മുന്നറിയിപ്പുമായി യുഎഇ; ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 30 ദിവസത്തെ വിലക്കുമായി ബഹ്‌റൈനും ജോർദാനും

News Desk
1 Min Read

അബുദാബി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം. യുഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.  

നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന ആരോഗ്യ-സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വിദേശത്തുള്ള സ്വദേശി പൗരന്മാർക്കായുള്ള മന്ത്രാലയത്തിന്റെ പ്രത്യേക ഡിജിറ്റൽ സംവിധാനത്തിൽ പേര് വിവരങ്ങൾ റജിസ്റ്റർ ചെയ്യണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.  

ആഗോളതലത്തിൽ എബോള ഭീഷണി ഉയരുന്ന പശ്ചാത്തലത്തിൽ ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസരിച്ച് നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

∙ ബഹ്‌റൈനും ജോർദാനും യാത്രാവിലക്കേർപ്പെടുത്തി 
എബോള വ്യാപനം തടയുന്നതിന്റെ ഭാഗമായി ദക്ഷിണ സുഡാൻ, കോംഗോ, യുഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ യാത്രികർക്ക് ബഹ്‌റൈൻ താൽക്കാലിക യാത്രാവിലക്കേർപ്പെടുത്തി. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് മുപ്പത് ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയത്. എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം മുൻകരുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ആദ്യ ഗൾഫ് രാജ്യമാണ് ബഹ്‌റൈൻ. ഇതേ തുടർന്ന് ജോർദാനും കോംഗോ, യുഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!