ഇന്ധന പ്രതിസന്ധിക്കിടെ പശ്ചിമ ബംഗാൾ മന്ത്രി ദിലീപ് ഘോഷ് 53 ലക്ഷം രൂപയുടെ ആഡംബര ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന വീഡിയോ വൈറലായി. കൊൽക്കത്തയിലെ ഇക്കോ പാർക്കിൽ നടന്ന ഈ സംഭവം, ഗതാഗത നിയമ ലംഘനത്തിനും പ്രധാനമന്ത്രിയുടെ ഇന്ധന സംരക്ഷണ ആഹ്വാനത്തെ അവഗണിച്ചതിനും രൂക്ഷ വിമർശനത്തിന് ഇടയാക്കി.
ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ലോകമെങ്ങും പാചകവാതക ഇന്ധനത്തിനും പെട്രോളിനും രൂക്ഷമായ പ്രതിസന്ധിയാണ് ഉടലെടുത്തത്. ഇതോടെ പല രാജ്യങ്ങളും ഇന്ധനത്തിന്റെ അമിതോപയോഗം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദീർഘ ദൂര യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു.
ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മന്ത്രമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും സൈക്കിളുകളിലേക്കും ബൈക്കുകളിലേക്കും തങ്ങളുടെ യാത്ര മാറ്റിയെന്ന റിപ്പോര്ട്ടുകളും വീഡിയോകളും പുറത്ത് വന്നു. ഇതിനിടെ ചരിത്രത്തിൽ ആദ്യമായി ബിജെപി അധികാരം പിടിച്ച ബംഗാളിലെ കൃഷി, പഞ്ചായത്ത് രാജ്, മൃഗസംരക്ഷണ വകുപ്പുകളുടെ മന്ത്രിയായ ദിലീപ് ഘോഷ്, 53 ലക്ഷം രൂപയുടെ ആഡംബര ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഉയർന്നത് രൂക്ഷ വിമർശനം.
ഇക്കോ പാർക്കിൽ ഹെൽമറ്റില്ലാതെ ആഡംബര ബൈക്ക് ഓടിച്ച് മന്ത്രി
കൊൽക്കത്തയിലെ ഇക്കോ പാർക്കിനുള്ളിൽ വച്ചാണ് ഹെൽമെറ്റ് ധരിക്കാതെ ആഡംബര ബൈക്ക് ഓടിക്കുന്ന ദിലീപ് ഘോഷിന്റെ വീഡിയോ ചിത്രീകരിച്ചത്. സുരക്ഷാ ജീവനക്കാരും മറ്റുള്ളവരും നോക്കിനിൽക്കെയാണ് മന്ത്രിയുടെ പ്രകടനം. പിന്നാലെ ഗതാഗത നിയമങ്ങളോടും സർക്കാർ പ്രോത്സാഹിപ്പിക്കുന്ന കർശന നടപടികളോടും മന്ത്രി കാണിക്കുന്ന അവഗണനയെ നെറ്റിസൺസ് ചോദ്യം ചെയ്തു.
രാഷ്ട്രീയക്കാർ നിയമത്തിന് അതീതരാണെന്ന് പലരും പരിഹാസത്തോടെ അഭിപ്രായപ്പെട്ടു, മറ്റുള്ളവർ മന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മയെയും വിമർശിച്ച് രംഗത്തെത്തി. മന്ത്രി ബൈക്ക് ഓടിക്കുമ്പോൾ പുറകിൽ ഇരുന്നയാൾക്കും ഹെൽമറ്റ് ഇല്ലായിരുന്നു. ഇതോടെ ഗതാഗത നിയമങ്ങൾ രാഷ്ട്രീയക്കാർക്കും സാധാരണ പൗരന്മാർക്കും രണ്ടാണോയെന്ന് നെറ്റിസെൺസ് ചോദ്യമുന്നയിച്ചു. പിന്നാലെ പരിഹാസവും വിമർശനങ്ങളും ശക്തമായി. ദിലീപ് ഘോഷിന്റെ വിചിത്രമായ വ്യക്തിത്വം കാരണം അദ്ദേഹത്തിന് ‘ദബാംഗ് ദിലീപ്’ എന്നൊരു വിശേഷണം കൂടിയുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
