നായയുമായി രാഹുൽ, കോഴിയുമായി ആകാശ് തില്ലങ്കേരി; ഫെയ്സ്ബുക്കിൽ വാക്പോര്

News Desk
1 Min Read

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലും ഷുഹൈബ് വധക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആകാശ് തില്ലങ്കേരിയും തമ്മിൽ ഫെയ്സ്ബുക്കിൽ വാക്പോര്. ഷുഹൈബ് വധക്കേസ് വിചാരണയ്ക്കിടെ തിങ്കളാഴ്ച ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ജാമ്യം തലശ്ശേരി കോടതി റദ്ദാക്കി റിമാൻഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ രാഹുൽ ആകാശിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ആകാശ് മുമ്പ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രം സഹിതമായിരുന്നു പോസ്റ്റ്. ജീപ്പിനു മുകളിൽ നായ്ക്കൊപ്പം ഇരിക്കുന്ന ആകാശിന്റെ ചിത്രത്തിൽ നിന്നും ആകാശിനെ ഒഴിവാക്കിയാണ് പോസ്റ്റ് ചെയ്തത്. ‘ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ഷുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. വിടാതെ വിടില്ല ഒരു കണക്കും’ എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്.

എന്നാൽ ഇന്നലെ ആകാശ് അടക്കമുള്ളവർക്ക് ഹൈക്കോടതി ജാമ്യം നൽകുകയും ജയിലിനു പുറത്തിറങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ ആകാശ് തില്ലങ്കേരി സമൂഹ മാധ്യമത്തിൽ രാഹുലിനെതിരെ പോസ്റ്റിട്ടു. ജീപ്പിനു മുകളിൽ കോഴി ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ‘ക്വാണ്ടം മെക്കാനിക്സ് അറിയാത്തത് കൊണ്ട് ജയിലിൽ പോകേണ്ടി വന്ന കോഴി കൂവി എന്ന് കേട്ടു. തില്ലങ്കേരി സഖാക്കൾ പേടിച്ച് പോയി എന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു കുറിപ്പ്.

അതേ സമയം, ആകാശ് തില്ലങ്കേരിക്ക് ഒപ്പം ഇരിക്കുന്ന നായയുടെ പേര് ബെല്ല എന്നാണെന്ന് സുജീഷ് കാക്കയങ്ങാട് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇവളുടെ പേര് ബെല്ല എന്നാണ്. കുറച്ച് കാലം മുന്നേ തന്റെ വീട്ടിൽ വന്ന ഒരു മൂർഖൻ പാമ്പിനെ നേരിടുന്നതിനിടയിൽ പാമ്പിന്റെ കടിയേറ്റ് ബെല്ല മരണപ്പെട്ടു. ആ പാമ്പിനെ രണ്ട് കഷ്ണമാക്കി തീർത്തതിനു ശേഷമാണ് ബെല്ല മരണത്തിനു കീഴടങ്ങിയതെന്നും കുറിപ്പിൽ പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!