തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

malayalampress
1 Min Read
  • ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ അത്യപൂർവ്വവും അസാധാരണവുമായ വിധി പ്രസ്താവിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ അത്യപൂർവ്വവും അസാധാരണവുമായ വിധി പ്രസ്താവിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട് സംസ്ഥാനത്തുടനീളം ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു.

ബക്രീദ് ദിനത്തിൽ മാത്രമല്ല, ഇനി മുതൽ ഒരു ദിവസവും സംസ്ഥാനത്ത് ഗോവധം പാടില്ലെന്നാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഈ ഉത്തരവ് കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും നേരിട്ട് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

ശ്രീകൃഷ്ണന്റെ കാലം മുതൽ പശുവിനെ ആരാധിക്കുന്നു; ഗാന്ധിജിയെയും ഭരണഘടനയെയും ഉദ്ധരിച്ച് കോടതി

വിധിപ്രസ്താവനയിൽ പശുവിന്റെ മതപരവും ചരിത്രപരവുമായ പ്രാധാന്യത്തെക്കുറിച്ച് കോടതി വിശദമായി പരാമർശിച്ചു. ശ്രീകൃഷ്ണന്റെ കാലം മുതൽക്കേ ഭാരതത്തിൽ പശുവിനെ ആരാധിച്ചുപോരുന്നതായി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ചൂണ്ടിക്കാട്ടി.

ഇന്ത്യ ഭരിച്ചിരുന്ന പല മുസ്ലിം രാജാക്കന്മാരും ഗോവധം നിരോധിച്ചിരുന്നതായി ചരിത്രരേഖകളിലുണ്ട്.പശുക്കളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്.പശുക്കളെ പൂജിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് മുൻപ് ഭരണഘടനാ നിർമ്മാണസഭയിലും ഗൗരവമായ ചർച്ചകൾ നടന്നിട്ടുണ്ടെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.

ഹരജിക്കാരൻ പോലും ആവശ്യപ്പെടാത്ത വിധി; അമ്പരപ്പിൽ നിയമലോകം

ഹരജിക്കാരൻ ഉന്നയിച്ച ആവശ്യത്തിനപ്പുറം സംസ്ഥാനത്ത് ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള കോടതിയുടെ അന്തിമ ഉത്തരവ് നിയമവൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഹിന്ദു മക്കൾ കക്ഷി നേതാവ് സമർപ്പിച്ച ഹരജിയിൽ, അധികൃതർ മുൻകൂട്ടി അംഗീകരിച്ച കശാപ്പുശാലകളിൽ അല്ലാതെ വഴിയരികിലോ തുറസ്സായ പൊതുസ്ഥലങ്ങളിലോ ബക്രീദിനോട് അനുബന്ധിച്ച് മൃഗങ്ങളെ കശാപ്പ് ചെയ്യാൻ അനുവദിക്കരുത് എന്ന് മാത്രമായിരുന്നു പ്രധാന ആവശ്യം.

തുറസ്സായ സ്ഥലങ്ങളിൽ കശാപ്പ് നടത്താൻ അനുമതി നൽകരുതെന്ന് കോടതി ആദ്യം വാക്കാൽ നിരീക്ഷിച്ചിരുന്നു. എന്നാൽ വിധിപ്പകർപ്പിന്റെ പൂർണ്ണരൂപം പുറത്തുവന്നപ്പോഴാണ്, ഹരജിയിലില്ലാത്ത തമിഴ്‌നാട്ടിലെ ‘പൂർണ്ണ ഗോവധ നിരോധനം’ എന്ന ചരിത്രപരമായ പ്രഖ്യാപനം കോടതി നടത്തിയതായി വ്യക്തമായത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!