തൽബിയത് മന്ത്രം മാത്രം, മിനയിലേക്ക് തീർത്ഥാടക പ്രവാഹം; അറഫ സംഗമം നാളെ

News Desk
2 Min Read

മക്ക: ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്… ഇന്നൽഹംദ വന്നിഅ്‌മത ലാ ശരീക ലക്….. തൽബിയത് ഉരുവിട്ടുകൊണ്ട് തീര്‍ഥാടക ലക്ഷങ്ങൾ മിനയിലേക്ക് പ്രവാഹം ആരംഭിച്ചു. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം പ്രാവചകന്‍ ഇബ്‌റാഹീം നബി മാലോകരെ ഹജ്ജിനായി വിളംബരം ചെയ്ത ആഹ്വാനം  സ്വീകരിച്ച് എത്തിച്ചേര്‍ന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജന ലക്ഷങ്ങള്‍ ഇന്ന് (തിങ്കൾ) മിന താഴ്‌വാരയിൽ സംഗമിക്കും. ഇന്നലെ (ഞായർ) തന്നെ തമ്പുകളുടെ നഗരിയായ മിന താഴ്‌വാരം ലക്ഷ്യമാക്കി ഹാജിമാർ യാത്ര തുടങ്ങിയിരുന്നു.

ഒരേ ലക്ഷ്യവും ഒരേ മനസ്സും ഒരേ വേഷവുമായി മിനയിലെത്തുന്ന തീർത്ഥാടകർ ഇന്ന് മിനയിൽ സമ്മേളിച്ച് നാവിൽ തൽബിയത് മാത്രമായി ഉരുവിടുമ്പോൾ മിന പ്രകമ്പനം കൊള്ളും. പാപ മോചനത്തിനായും അല്ലാഹുവിന്റെ കാരുണ്യത്തിനായും കണ്ണീരോടെ  കേഴുന്ന ഹൃദങ്ങളുമായി ഹാജിമാര്‍ പൂർണ്ണമായും ഇന്ന് മിനയിലെത്തുന്നതോടെ മിനാ താഴ്‌വര മനുഷ്യ സാഗരമായിത്തീരും.

തിരക്ക് കുറക്കുന്നതിന് വേണ്ടിയും സുരക്ഷ മുൻ നിർത്തിയും ഹാജിമാർ ഇന്നലെ (ഞായർ) തന്നെ മക്കയിൽ നിന്നും മിനയിലേക്ക് പ്രയാണം ആരംഭിച്ചിരുന്നു. ഇന്ത്യൻ ഹാജിമാർക്ക്  മിനയിലേക്ക് പോകാനായുള്ള സമയവും നിർദേശങ്ങളും നേരത്തെ തന്നെ  ഇന്ത്യൻ ഹജ്ജ് മിഷൻ നൽകിയിരുന്നു. ഇതനുസരിച്ച് തയ്യാറായ ഇന്ത്യൻ ഹാജിമാർ സമയക്രമീകരണം അനുസരിച്ച് തന്നെ ട്രയിനിലും ബസുകളിലുമായി മിനായിലേക്ക് നീങ്ങി.

തർവിയത് ദിനമായ ഇന്ന് (തിങ്കൾ) ഹാജിമാർക്ക് പ്രത്യേക കർമ്മങ്ങൾ ഒന്നും തന്നെയില്ല, ഇവർ ഇവിടെ ദൈവീക ഓർമകളിൽ പ്രാർത്ഥനയോടെ മുഴുകും. നാളെ (ചൊവ്വ) നടക്കുന്ന അറഫ സംഗമത്തിനുള്ള ഒരുക്കം മാത്രമാണ് ഇന്ന് ഹാജിമാർക്കുള്ളത് . ഇന്ന് (ദുല്‍ഹിജ്ജ 8- തിങ്കൾ) ഹാജിമാർ ളുഹര്‍, അസര്‍, മഗ്‌രിബ്, ഇശാ, സുബ്ഹി എന്നീ നിസ്‌ക്കാരങ്ങള്‍ മിനയില്‍ വെച്ച് നിര്‍വഹിക്കും. മിനയിൽ വെച്ച് ഈ നിസ്കാരങ്ങൾ പ്രത്യേകം പുണ്ണ്യമാക്കപ്പെട്ടതായതിനാല്‍ ഉച്ചക്ക് മുമ്പെ ഭൂരിഭാഗം ഹാജിമാരും മിനയിലെത്താനുള്ള ശ്രമത്തിലാണ്. ഇന്നു മിനയില്‍ താമസിക്കുന്ന ഹാജിമാർ നാളെ (ചൊവ്വ) നടക്കുന്ന ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫാ സംഗമത്തിനായി നാളെ  പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിന് ശേഷം മക്കയില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ അകലെയുള്ള അറഫാതിലേക്ക് നീങ്ങും.

ചൊവ്വ ദുഹർ നിസ്കാര ശേഷമാണ് അറഫ സംഗമ ചടങ്ങുകൾക്ക് തുടക്കമാവുക. ചരിത്ര പ്രസിദ്ധമായ അറഫാ സംഗമത്തിന് അറഫാത്തിലെ നമിറ പള്ളിയിൽ മദീനയിലെ പ്രവാചക പള്ളി ഇമാമും പ്രഭാഷകനുമായ ശൈഖ് അലി അൽ ഹുദൈഫി നേതൃത്വം നൽകും. ശേഷം അറഫാത്തിൽ സന്ധ്യ വരെ പ്രാർത്ഥനയിലും ഏക ദൈവ സ്‌മരണയിലും കഴിയുന്ന ഹാജിമാർ മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ ഇവിടെ നിര്‍വഹിക്കും. ശേഷം അവിടെ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാർ ചൊവ്വാഴ്ച രാത്രി മുസ്ദലിഫയില്‍ തങ്ങി ബുധനാഴ്ച സുബ്ഹി നിസ്‌കാരാനന്തരം മിനയില്‍ എത്തി ജംറത്തുല്‍ അഖ്ബയില്‍ കല്ലേറു കര്‍മം നടത്തും. തുടര്‍ന്ന് ബലി കര്‍മം നിര്‍വഹിച്ച് പുരുഷന്മാര്‍ മുടി കളഞ്ഞും സ്ത്രീകള്‍ മുടി വെട്ടിയും ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. ഇഹ്‌റാമിന്റെ വസ്ത്രം മാറി പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് പെരുന്നാള്‍ ആഘോഷിക്കും. സഊദിയിൽ ബുധനാഴ്ചയാണ് ബലിപെരുന്നാൾ. ഹറംപള്ളിയിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിച്ച ശേഷം മിനയിലേക്ക് മടങ്ങുന്ന ഹാജിമാര്‍ മൂന്നു ദിവസംകൂടി അവിടെ താമസിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!