ന്യൂഡൽഹി: ഒരു വർഷത്തിനകം നരേന്ദ്ര മോദി സർക്കാർ താഴെവീഴുമെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ. മോദി സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച കോൺഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം ഉപദേശക സമിതി യോഗത്തിലാണ് മോദി സർക്കാർ ഒരു വർഷത്തിനുള്ളിൽ തകരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. രാഹുലിന്റെ ഗൂഢാലോചന പുറത്തായെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അവകാശപ്പെട്ടത്.
‘‘കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ടൂൾകിറ്റ് സംഘവും ചേർന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന വലിയ ഗൂഢാലോചനയിലേക്കാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിരൽ ചൂണ്ടുന്നത്. ഇത് ഒരു സാധാരണ പ്രസ്താവനയല്ല, മറിച്ച് രാജ്യത്ത് അരാജകത്വം പടർത്താനുള്ള പദ്ധതിയാണ്’’– കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എക്സിൽ കുറിച്ചു. കോൺഗ്രസിന് ഇന്ത്യയോട് വിദ്വേഷമാണെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വിദേശ ശക്തികളോട് അഭ്യർഥിക്കുന്നത് വഴി അവരുടെ യഥാർഥ ഉദ്ദേശ്യം വ്യക്തമായെന്നും ഗോയൽ കൂട്ടിച്ചേർത്തു.
രാജ്യത്ത് കലാപങ്ങൾ ഉണ്ടാക്കിയും അരാജകത്വം സൃഷ്ടിച്ചും സർക്കാരിനെ പുറത്താക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപി എംപി സംപിത് പത്ര വിഡിയോ സന്ദേശത്തിലൂടെ കുറ്റപ്പെടുത്തി. ഇന്ത്യയിൽ ജനാധിപത്യം തകർക്കാനുള്ള വിദേശ അജണ്ടയാണ് രാഹുലിന്റേതെന്നും ജോർജ് സോറോസ് ഉൾപ്പെടെയുള്ള വിദേശ ശക്തികൾക്ക് ഇന്ത്യയെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഭ്രാന്ത് പിടിക്കുകയാണെന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചു. വിദേശയാത്രകൾ കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുൽ ഗാന്ധി എന്താണ് കഴിച്ചതെന്ന് ഭണ്ഡാരി എക്സിൽ ചോദിച്ചു.
സാമ്പത്തിക അസംതൃപ്തി വർധിക്കുന്നത് കാരണം അടുത്ത ഒരു വർഷത്തിനുള്ളിൽ മോദി സർക്കാർ താഴെവീഴുമെന്നാണ് കോൺഗ്രസ് യോഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. ഇതിന് പുറമെ, നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ആക്രമണം നടത്തുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനത്തെയും രാഹുൽ ഗാന്ധി പരിഹസിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
