ചീത്തവിളി പറ്റില്ല; സമരക്കാരുടെ തല നോക്കി അടിക്കുന്ന പോലീസിനെ അനുവദിക്കില്ലെന്ന് ചെന്നിത്തല

News Desk
1 Min Read

തിരുവനന്തപുരം: എസ്ഐമാരെ മാറ്റിനിർത്തി സ്റ്റേഷൻ ചുമതല സിഐമാരെ ഏൽപിച്ച മുൻ സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ 10 വർഷത്തെ പൊലീസ് കസ്റ്റഡി മർദനങ്ങളിലും മരണങ്ങളിലും ഉൾപ്പെട്ടവർക്കെതിരെ എന്തു നടപടിയെടുത്തുവെന്നു പരിശോധിക്കും.

മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് ഈ സർക്കാരിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു. 3 സ്റ്റേഷനുകളുടെ ചുമതലയുണ്ടായിരുന്ന സിഐമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരാക്കിയതും എസ്ഐമാരെ നിർവീര്യമാക്കിയതുമായ സംവിധാനം പൊലീസിനു ഗുണമല്ലെന്നാണ് അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസുകാരുടെ ഇടി, തൊഴി, ചീത്തവിളി എന്നിവ അവസാനിപ്പിക്കും. സമരം ചെയ്യുന്നവരുടെ തല നോക്കി അടിക്കുന്ന പൊലീസിനെ എന്റെ ഭരണകാലത്ത് അനുവദിക്കില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.

മാവോയിസ്റ്റുകളെ വെടിവയ്ക്കുകയല്ല, പിടികൂടി അവരുടെ ‘റൂട്ട്’ മനസ്സിലാക്കുകയാണു വേണ്ടത്. പിണറായി സർക്കാരിന്റെ കാലത്ത് 5 പേരെ വെടിവച്ചു കൊന്നു. മാവോയിസ്റ്റ് രൂപേഷിനെ പൊലീസ് പിടിച്ചപ്പോൾ ആഭ്യന്തരമന്ത്രി താനായിരുന്നുവെന്നും ഒരിക്കലും വെടിവയ്ക്കരുതെന്നു നിർദേശം നൽകിയിരുന്നെന്നും മന്ത്രി പറഞ്ഞു. ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കും. വിദ്യാർഥികളെ ലഹരിയിൽനിന്നു മോചിപ്പിക്കാനും ലഹരിയുടെ ഉറവിടം കണ്ടെത്താനുമുള്ള ബൃഹദ് പദ്ധതി ആവിഷ്കരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!