പ്രവാസി ബിനാമികൾ പിടിയിൽ: ഏഴുകോടി റിയാൽ പിഴയും നാടുകടത്തലും

News Desk
2 Min Read

ജിദ്ദ: സൗദി അറേബ്യയിൽ ബിനാമി ബിസിനസുകൾക്കെതിരെയുള്ള നിയമനടപടികളും പരിശോധനകളും വാണിജ്യ മന്ത്രാലയം ശക്തമാക്കി. കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ വിവിധ ബിനാമി ബിസിനസ് കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്ക് പ്രത്യേക കമ്മിറ്റി 6.82 കോടി റിയാൽ (ഏഴുകോടിയോളം റിയാൽ) പിഴ ചുമത്തിയതായി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

തീവ്രമായ ഫീൽഡ് പരിശോധനകളുടെ ഫലമായി ബിനാമിയാണെന്ന് സംശയിക്കുന്ന 1,017 കേസുകൾ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിൽ 724 നിയമലംഘനങ്ങൾ ബന്ധപ്പെട്ട കമ്മിറ്റിക്കും 47 കേസുകൾ പബ്ലിക് പ്രോസിക്യൂഷനും കൈമാറി.

കോൺട്രാക്ടിങ്, കാറ്ററിങ്, ഇന്റീരിയർ ഡിസൈൻ, ഗ്യാസ് സ്റ്റേഷനുകൾ, ഗതാഗതം, ലോജിസ്റ്റിക്സ്, പെർഫ്യൂംസ്, റസ്റ്ററന്‍റുകൾ, മെഡിക്കൽ സപ്ലൈസ്, ടൂറിസ്റ്റ് താമസം തുടങ്ങി ഒട്ടനവധി മേഖലകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ഉൾപ്പെടെ ബിനാമി കേസുകളിൽ 16 വിധിന്യായങ്ങളാണ് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നിയമലംഘകർക്ക് തടവ്, പിഴ, സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ, കൊമേഴ്‌സ്യൽ റജിസ്‌ട്രേഷനുകളും ലൈസൻസുകളും റദ്ദാക്കൽ എന്നിവയ്ക്ക് പുറമെ പ്രവാസികളായ കുറ്റക്കാരെ രാജ്യത്തുനിന്ന് നാടുകടത്തൽ തുടങ്ങിയ കടുത്ത ശിക്ഷകളാണ് ലഭിച്ചത്.

ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞ വർഷം മാത്രം 35,280 സ്ഥാപനങ്ങളിലാണ് പ്രത്യേക സംഘം നേരിട്ടെത്തി പരിശോധന നടത്തിയത്. വാണിജ്യ മന്ത്രാലയം, നഗരസഭ-ഭവന മന്ത്രാലയം, മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം, സകാത്ത്-നികുതി-കസ്റ്റംസ് അതോറിറ്റി എന്നീ അഞ്ചു പ്രധാന വകുപ്പുകളുമായി സഹകരിച്ചായിരുന്നു ഈ നീക്കം.

നിർമാണ സാമഗ്രികളുടെ ചില്ലറ വിൽപന, മിനിമാർക്കറ്റുകൾ, റസ്റ്ററന്‍റുകൾ, ജെന്റ്സ് സലൂണുകൾ, സൂപ്പർമാർക്കറ്റുകൾ, വർക്ക് ഷോപ്പുകൾ, ട്രാവൽ ഏജൻസികൾ, തയ്യൽക്കടകൾ, എൻജിനീയറിങ് ഓഫിസുകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന്റെ തുടക്കം മുതൽ കഴിഞ്ഞ വർഷാവസാനം വരെ രാജ്യത്തുടനീളം ആകെ 3,02,433 സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ബിനാമി ബിസിനസ് സംശയിക്കപ്പെടുന്നതായി വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച 6,373 ഓളം ഔദ്യോഗിക റിപ്പോർട്ടുകളിലും പ്രത്യേക സംഘം അന്വേഷണം നടത്തി നടപടിയെടുത്തു. നിലവിൽ 27 സർക്കാർ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം മുന്നോട്ട് പോകുന്നത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞവർഷം എക്സിക്യൂട്ടീവ് കമ്മിറ്റി 21 യോഗങ്ങൾ ചേരുകയും, ബോധവൽക്കരണത്തിന്റെ ഭാഗമായി 20 ഓളം സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത ക്യാംപെയ്നുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!