ദുബൈ: റോഡുകളിൽ അനാവശ്യമായും അമിതമായും ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി ദുബൈ അധികൃതർ. നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് ദുബൈ പൊലിസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA) സംയുക്തമായി മുന്നറിയിപ്പ് നൽകി.
അനാവശ്യമായി ഹോൺ മുഴക്കുന്നത് ഗുരുതരമായ ശബ്ദമലിനീകരണത്തിന് കാരണമാകുമെന്നും താമസക്കാരുടെ സമാധാനജീവിതം തടസ്സപ്പെടുത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വാഹനങ്ങളിലെ ഹോൺ എന്നത് ഒരു സുരക്ഷാ ഉപകരണം മാത്രമാണെന്ന് ആർടിഎ ഓർമ്മിപ്പിച്ചു. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക, ശ്രദ്ധയില്ലാതെ വണ്ടിയോടിക്കുന്ന മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ ആകർഷിക്കുക, വാഹനത്തിനുള്ളിലെ അടിയന്തിര സാഹചര്യങ്ങൾ മറ്റുള്ളവരെ അറിയിക്കുക എന്നിവയ്ക്ക് മാത്രമേ ഹോൺ ഉപയോഗിക്കാൻ പാടുള്ളൂ. ഈ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഹോൺ മുഴക്കുന്നത് നിയമലംഘനമായി കണക്കാക്കും.
പ്രത്യേകിച്ച് റെസിഡൻഷ്യൽ ഏരിയകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ അതീവ സുരക്ഷിത മേഖലകളിൽ അനാവശ്യമായി ഹോൺ മുഴക്കുന്നത് ജനങ്ങളെ അസ്വസ്ഥരാക്കുന്നതിനൊപ്പം ഗതാഗത അച്ചടക്കത്തെ ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ദുബൈയിൽ കൂടുതൽ സുരക്ഷിതവും മാന്യവുമായ ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കുന്നതിനും റോഡ് അച്ചടക്കം ഉറപ്പാക്കുന്നതിനുമായി നടത്തുന്ന വിപുലമായ ബോധവൽക്കരണ കാമ്പെയ്‌ന്റെ ഭാഗമായാണ് കർശന നടപടി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
